വയനാടിന്റെ കരുതലിൽ സോണിയയും രാഹുലും
Saturday, September 20, 2025 1:23 AM IST
കൽപ്പറ്റ: കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവായ മകൻ രാഹുൽ ഗാന്ധിയും വയനാട്ടിൽ. പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിൽ തുടരുന്നതിനിടെയാണ് ജില്ലയിൽ ഇരുവരുടെയും സ്വകാര്യ സന്ദർശനം.
രാവിലെ പത്തരയോടെ ഹെലികോപ്റ്ററിലാണ് സോണിയയും രാഹുലും പടിഞ്ഞാറത്തറ സ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒപ്പമുണ്ടായിരുന്നു.
സ്കൂൾ ഗ്രൗണ്ടിൽ പ്രിയങ്ക ഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ജനറൽ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷ്മി, പൂഴിത്തോട് റോഡ് കർമ സമിതി ചെയർപേഴ്സണ് ശകുന്തള ഷണ്മുഖൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നേതാക്കളെ സ്വീകരിച്ചു. ഇവിടെനിന്ന് ഒരേ കാറിൽ സോണിയയും രാഹുലും പ്രിയങ്കയും താമസസ്ഥലമായ ഹോട്ടൽ താജിലേക്കു പോയി. കുറച്ചുദിവസം സോണിയയും രാഹുലും വയനാട്ടിൽ ഉണ്ടാകുമെന്നാണു വിവരം.
പ്രിയങ്ക ഗാന്ധി മണ്ഡലസന്ദർശനം പൂത്തിയാക്കി 22ന് ഡൽഹിയിലേക്കു മടങ്ങും. വിശ്രമത്തിനുവന്ന സോണിയ ഗാന്ധി ജില്ലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്നാണു പാർട്ടി ജില്ലാ നേതൃത്വം അറിയിച്ചിരുന്നതെങ്കിലും അവർ ഇന്നലെ മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം ചുണ്ടേലിലെ റീജണൽ കോഫീ റിസർച്ച് സ്റ്റേഷൻ സന്ദർശിച്ചു.
സെന്റർ ജോയിന്റ് ഡയറക്ടർ ഡോ.എം. കറുത്തമണി, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. രുദ്രഗൗഡ, ബസവരാജ് ചുളക്കി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. റിസർച്ച് സ്റ്റേഷനിലെ ലാബിന്റെ പ്രവർത്തനം വിലയിരുത്തിയ സോണിയയും പ്രിയങ്കയും കാപ്പിക്കർഷകരുമായി ആശയവിനിമയം നടത്തി.
ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയവും സോണിയ ഗാന്ധി എംപിയും പ്രിയങ്ക ഗാന്ധി എംപിയും സന്ദർശിച്ചു. ഫൗണ്ടേഷൻ ഡയറക്ടർ ഡോ. നീരജ് ജോഷി, ഡോ. സാബു കെ.യു. എന്നിവർ ചേർന്ന് ഇരുവരെയും സന്ദർശിച്ചു.
ഫൗണ്ടേഷൻ കാമ്പസിലെ നഴ്സറിയും വൃക്ഷോദ്യാനവും ചുറ്റി നടന്ന് കണ്ട് സോണിയ ഗാന്ധി എംപി അടയ്ക്കാപ്പൈൻ തൈയും പ്രിയങ്ക ഗാന്ധി എംപി കാരാഞ്ഞിലി തൈയും നട്ടു. തുടർന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. സൗമ്യ സ്വാമിനാഥനുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ചു.
രാഹുൽഗാന്ധി ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെ നേതാക്കളുമായി ഹോട്ടൽ താജിൽ പ്രത്യേക കൂടിക്കാഴ്ച നടത്തി.
കെ.സി. വേണുഗോപാലും സണ്ണി ജോസഫും ഉച്ചകഴിഞ്ഞ് ജില്ലയിലെ കോണ്ഗ്രസ് നേതാക്കളെ ഡിസിസി ഓഫീസിൽ കണ്ടു.
മുള്ളൻകൊല്ലി പഞ്ചായത്തിൽ പാർട്ടി വാർഡ് പ്രസിഡന്റിനെ വീടിന്റെ പോർച്ചിൽ കർണാടക നിർമിത മദ്യവും സ്ഫോടകവസ്തുക്കളും വച്ച് കേസിൽ കുടുക്കൽ, മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ, ബത്തേരി മണിച്ചിറയിലെ കോണ്ഗ്രസ് കുടുംബാംഗം പദ്മജയുടെ ആത്മഹത്യാശ്രമം എന്നിവയുമായി ബന്ധപ്പെട്ട കോലാഹലത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.