കൈക്കുഞ്ഞിനെ തനിച്ചാക്കി അമ്മ പോയി; പോലീസ് ആശുപത്രിയിലെത്തിച്ചു
Saturday, September 20, 2025 1:23 AM IST
തൊടുപുഴ: രണ്ടു മാസം പ്രായമായ കൈക്കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി അമ്മ പുറത്ത് പോയി. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഒറ്റയ്ക്കായ കുഞ്ഞിനെ തൊടുപുഴ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചു.
ഇടവെട്ടി ശാസ്താംപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതിയും പെണ്‍കുഞ്ഞും. ഭർത്താവ് ഇവർക്കൊപ്പം താമസമില്ല. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കുഞ്ഞിനെ തനിച്ചാക്കി വീട് പൂട്ടി അമ്മ പുറത്തേക്ക് പോകുകയായിരുന്നു.
യുവതി പുറത്തേക്ക് പോകുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ സമയം യുവതിയുടെ കൈയിൽ കുട്ടി ഉണ്ടായിരുന്നില്ല. കുറേസമയം കഴിഞ്ഞിട്ടും കുഞ്ഞിന്റെ കരച്ചിലും അനക്കവും കേൾക്കാത്തതിനാൽ നാട്ടുകാർ പോലീസിനെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചു. തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നു. ഈ സമയം കുഞ്ഞ് കട്ടിലിൽ തനിച്ച് കിടക്കുകയായിരുന്നു.
പോലീസ് ഉടൻ കുഞ്ഞിനെ തൊടുപുഴ ജില്ലാ അശുപത്രിയിൽ എത്തിച്ചു. അമ്മ രാത്രിയോടെ എത്തിയെങ്കിലും കുഞ്ഞിനെ പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് ജില്ലാ ശിശു സംരക്ഷണ സമിതിക്കു റിപ്പോർട്ട് നൽകിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്എച്ച്ഒ പറഞ്ഞു.