കാലിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്കു ചികിത്സ നൽകി
Saturday, September 20, 2025 1:23 AM IST
കാലടി: കാലടി പ്ലാന്റേഷനിൽ കാലിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ച് ചികിത്സ നൽകി വിട്ടയച്ചു. എറണാകുളം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചികിത്സ നടത്തിയത്.
കുറച്ചു ദിവസം മുമ്പാണ് കാലടി പ്ലാന്റേഷൻ എട്ടാം ബ്ലോക്കിൽ എരുമത്തടത്ത് പരിക്കേറ്റനിലയിൽ ഏകദേശം 15 വയസുള്ള ആനയെ കണ്ടെത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം ഇന്നലെ രാവിലെയാണു ദൗത്യം ആരംഭിച്ചത് .
വെറ്ററിനറി ഡോക്ടർമാരടങ്ങിയ വനംവകുപ്പ് സംഘം ആനയെ കണ്ടെത്തി മയക്കുവെടി വയ്ക്കുകയായിരുന്നു. ആന മയങ്ങിയതോടെ ഡോക്ടർമാർ മുറിവിലെ പഴുപ്പ് നീക്കം ചെയ്ത് മരുന്നു വച്ചു. മയക്കം വിട്ട ആനയെ വിട്ടയയ്ക്കുകയും ചെയ്തു.
ആനയെ നിരീക്ഷിക്കാനായി ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആനകൾ തമ്മിൽ കുത്തു കൂടിയതിൽനിന്നുമുണ്ടായ മുറിവാണ് എന്നാണു നിഗമനം. വാഴച്ചാൽ ഡിഎഫ്ഒ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഡോ. ബിനോയ് സി. ബാബു, ഡോ. ഡേവിഡ് ഏബ്രഹാം, ഡോ. ഒ.വി. മിഥുൻ എന്നിവരും, നാല്പതോളം പേരടങ്ങുന്ന വനപാലകരും ദൗത്യത്തിൽ പങ്കെടുത്തു.