ക്രൈസ്തവ വിശ്വാസം ലോകത്തിനു പകരുന്നത് പ്രത്യാശയുടെ സന്ദേശം: വി.ഡി. സതീശൻ
Saturday, September 20, 2025 1:24 AM IST
അടൂർ: പ്രതിസന്ധികളേറുന്പോഴും അചഞ്ചലമായി മുന്നേറാൻ ക്രൈസ്തവർക്കു കഴിയുന്നത് അവരിൽ അന്തർലീനമായിരിക്കുന്ന വിശ്വാസത്തിന്റെ തീവ്രതയും പ്രത്യാശയുടെ കിരണങ്ങളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അടൂർ മാർ ഈവാനിയോസ് നഗറിൽ മലങ്കര കത്തോലിക്കാസഭ പുനരൈക്യവാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അല്മായ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനവും ഒന്നുതന്നെയാണ്. ക്രൈസ്തവർ വേട്ടയാടപ്പെടുന്ന കാലഘട്ടമാണിത്. ഇതിനേക്കാൾ വലിയ പരീക്ഷണങ്ങളിലൂടെയാണ് സഭ കടന്നു വന്നത്. കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെയായിരുന്നു ക്രിസ്തുവെങ്കിൽ സഭയെ നിലനിർത്തുന്നതും ഇത്തരം പ്രതിസന്ധികൾ തന്നെയാണ്. ഒന്നും ഇല്ലായ്മയിൽ നിന്നും വിസ്മയം സൃഷ്ടിച്ച സഭയാണ് മലങ്കര കത്തോലിക്കാ സഭ.ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതംതന്നെ ഒരു അദ്ഭുതമാണ്. ഭാരത സഭയിലെ മോശയാണ് മാർ ഈവാനിയോസെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല പ്രസിഡന്റ് എസ്.ആർ. ബൈജു അധ്യക്ഷത വഹിച്ചു. കെസിബിസി അല്മായ സെക്രട്ടറി ഡോ. കെ.എം. ഫ്രാൻസിസ് ക്ലാസ് നയിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യസന്ദേശം നൽകി. അല്മായ കമ്മീഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, മദേഴ്സ് ഫോറം പ്രസിഡന്റ് ജിജി മത്തായി എന്നിവർ പ്രസംഗിച്ചു.
ആഗോള യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിനും കുട്ടികളുടെ സംഗമം മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്തു. നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാരായ മാത്യൂസ് മാർ തേവോദോസിയോസ്, ജോർജ് മഠത്തിക്കണ്ടത്തിൽ, സെൽവിസ്റ്റർ പൊന്നുമുത്തൻ, മലയിൽ സാബു കോശി ചെറിയാൻ, കുര്യാക്കോസ് ഈവാനിയോസ്, ജോസഫ് മാർ തോമസ്, ഡോ. തോമസ് മാർ അന്തോണിയോസ്, ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ദാനിയേൽ ബഥേൽ എന്നിവർ പ്രസംഗിച്ചു.
പുനരൈക്യ വാർഷിക സഭാസംഗമം ഇന്നു നടക്കും. രാവിലെ 8.15ന് ആഘോഷമായ സമൂഹബലിക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും.
11.45ന് മാർ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദി സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.
അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ യൂഹാനോൻ പാത്രിയർക്കീസ് ബാവ മുഖ്യാതിഥിയാകും. പി.എസ്. ശ്രീധരൻ പിള്ള, രമേശ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും.