പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരേ ആരോപണം ഉയരില്ല: കെ.ജെ. ഷൈന്‍
Saturday, September 20, 2025 1:24 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍നിന്നു ശ്രദ്ധ തിരിക്കുന്നതിനാണ് തനിക്കെതിരേ കോണ്‍ഗ്രസ് അപവാദപ്രചാരണം നടത്തുന്നതെന്ന് സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈന്‍.
പ്രതിപക്ഷനേതാവ് അറിയാതെ തനിക്കെതിരേ ഇത്തരമൊരു ആരോപണം ഉയരില്ല. കോണ്‍ഗ്രസിന്റെ നിസഹായാവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.
കഴിഞ്ഞദിവസം പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പറഞ്ഞിരുന്നു. എന്തു കേട്ടാലും ധൈര്യമായി ഇരുന്നോളണം. തന്നെയും എംഎല്‍എയും ചേര്‍ത്തുള്ള വാര്‍ത്തയാണെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തന്റെ പേരെടുത്ത് പറയാതിരുന്നതുകൊണ്ട് പരാതി നല്‍കിയില്ല. പിന്നീട് കടുത്ത സൈബര്‍ ആക്രമണം തനിക്കു നേരിട്ടതോടെയാണു പരാതി നല്‍കിയത്.
സാംസ്കാരിക പ്രവര്ത്തകന് എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന് എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കഥ ആദ്യം പ്രചരിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അറിയാതെ ഇതൊന്നും നടക്കില്ലെന്ന ബോധ്യം തനിക്കുണ്ട്. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഷൈന്‍ പറഞ്ഞു.