വന്യജീവി ആക്രമണ ലഘൂകരണം: ഓഫീസുകളിലേക്ക് പരാതിപ്രളയം
Saturday, September 20, 2025 1:23 AM IST
റോബിന് എബ്രഹാം ജോസഫ്
കോട്ടയം: വന്യജീവി ആക്രമണ ലഘൂകരണത്തിന് വനംവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടം മൂന്നു ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ആകെ ലഭിച്ചത് 1114 പരാതികള്‍.
ഹൈറേഞ്ച് സര്‍ക്കിളിലെ 37 സംഘര്‍ഷ ബാധിത പഞ്ചായത്തുകളിലും പരിധിയിലെ ഫോറസ്റ്റ് റെയിഞ്ചോഫീസുകളിലും ഫോറസ്റ്റ് സ്റ്റേഷനുകളിലുമാണ് ഹെല്‍പ്പ് ഡെസ്കുകളും പരാതിപ്പെട്ടികളും സ്ഥാപിച്ചത്.
വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനാണ് വനംവകുപ്പ് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചത്. ഇക്കഴിഞ്ഞ 16നാണ് തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചത്. മനുഷ്യജീവനും കൃഷിക്കും ഭീഷണിയായി വന്യജീവികള്‍ മാറിയ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള നീക്കത്തിന് തുടക്കമിട്ടത്.
വന്യജീവി ആക്രമണ ലഘൂകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും സര്‍ക്കാരിനെ അറിയിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ജനങ്ങള്‍ക്കുള്ള അവസരമാണിതെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
ഇടുക്കി, കോട്ടയം ജില്ലകളും എറണാകുളം ജില്ലയിലെ കോതമംഗലം ഡിവിഷന് ഉള്‍പ്പെടുന്ന പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളില്‍ നിന്നു മാത്രം 90 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഈ മാസം 30 വരെ ഹെല്‍പ്പ് ഡെസ്കുകള്‍ വഴി പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും.
അടുത്ത ഘട്ടമായി വനംവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട ഇതര വകുപ്പുകളുമായി ചേര്‍ന്ന് പ്രശ്നപരിഹാരത്തിനു നടപടികള്‍ സ്വീകരിക്കും.