ശബരിമല സ്വർണപ്പാളി വിവാദം: അടിയന്തര പ്രമേയം അനുവദിക്കാതെ സ്പീക്കർ; വാക്കൗട്ട് നടത്തി പ്രതിപക്ഷം
Saturday, September 20, 2025 1:23 AM IST
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അടിയന്തര പ്രമേയ അവതരണത്തിനുള്ള പ്രതിപക്ഷ നോട്ടീസ് സ്പീക്കർ എ.എൻ. ഷംസീർ അനുവദിച്ചില്ല.
ശബരിമല സ്വർണപ്പാളി കാണാതായ സംഭവത്തിലെ നോട്ടീസ് പരിഗണിക്കാത്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
ശബരിമലയിൽനിന്നു നാലു കിലോ സ്വർണം അടിച്ചുമാറ്റിയത് ഗൗരവതരമായ വിഷയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
അയ്യപ്പന്റെ സ്വർണം കാണാതായ സംഭവം ഭക്തരെയും വിശ്വാസികളെയും വിഷമത്തിലാക്കിയ വിഷയമാണ്. അയ്യപ്പന്റെ സ്വർണം അടിച്ചു മാറ്റിയതിലെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമം നടത്തുന്നത്. സ്വർണം അടിച്ചുമാറ്റിയതു കൊണ്ടാണ് ചർച്ച ചെയ്യാത്തത്.
കോടതിയുടെ പരിഗണനയിലുള്ള നിരവധി വിഷയങ്ങൾ നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുവദിച്ച കീഴ് വഴക്കമുള്ളപ്പോൾ ശബരിമല അയ്യപ്പന്റെ നാലു കിലോ സ്വർണം കാണാതായ സംഭവം അതീവ ഗൗരവത്തോടെ സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കേണ്ടതാണ്.
ഹൈക്കോടതി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിടുകയും ചെയ്ത കേസാണ്. അതീവ ഗൗരവത്തോടെയാണ് വിഷയം കാണേണ്ടത്.
അയ്യപ്പന്റെ സ്വർണം കാണാതായ സംഭവം സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു വാക്കൗട്ട് നടത്തുന്നതായും പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. തുടർന്ന് ബഹളമുണ്ടാക്കി പ്രതിപക്ഷ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
മൂന്ന് ആഴ്ചയ്ക്കകം കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച വിഷയമായതിനാലാണ് പരിഗണിക്കാൻ കഴിയാത്തതെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ആഗോള അയ്യപ്പസംഗമം അട്ടിമറിക്കാൻ ശ്രമിച്ചതു പരാജയപ്പെട്ടതിനാലുള്ള കൊതിക്കെറുവു മൂലമാണ് അയ്യപ്പന്റെ സ്വർണപ്പാളി കാണാതായ വിഷയം നിയമസഭയിൽ കൊണ്ടുവന്നതെന്നും മന്ത്രി ആരോപിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ലെ വിഷയമാണിതെന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.