കേരള കോണ്‍ഗ്രസുകള്‍ പിളരുംതോറും വോട്ടു ചെയ്യുന്നവരും പിളരുന്നു: മാര്‍ തോമസ് തറയില്‍
Saturday, September 20, 2025 1:23 AM IST
ചങ്ങനാശേരി: കേരളകോണ്‍ഗ്രസ് ലീഡര്‍ പി.ജെ. ജോസഫിനെക്കുറിച്ച് ഗ്രന്ഥകാരന് ഡോ.ജോബിന് എസ്.കൊട്ടാരം രചിച്ച കാലഘട്ടത്തിനു മുന്‍പേ സഞ്ചരിച്ച കര്‍മയോഗി പുസ്തകപ്രകാശന സമ്മേളനം ചൂടേറിയ രാഷ്ട്രീയ ചര്ച്ചാവേദിയായിമാറി.
കേരളകോണ്‍ഗ്രസുകള്‍ പിളരുംതോറും വോട്ടുചെയ്യുന്നവരും പിളരുകയാണന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞതാണ് ചര്‍ച്ചയായത്.
കേരള കോണ്‍ഗ്രസുകള്‍ വ്യത്യസ്ത മുന്നണികളിലാകുന്നത് ഒരുതരത്തില്‍ ഗുണമാണെങ്കിലും വോട്ടുകള്‍ ചിതറിക്കപ്പെടുകയാണെന്നും ഈ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരില്‍ ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.കേരളകോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും മുതിര്‍ന്ന നേതാക്കള്‍ വേദിയിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തായിരുന്നു സമ്മേളനം.
കേരളം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനാധിപത്യശക്തികളുടെ ഐക്യം അനിവാര്യമാണെന്ന് അധ്യക്ഷത വഹിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ആശംസ അര്‍പ്പിച്ച മുന്‍ മന്ത്രി കെ.സി. ജോസഫും പറഞ്ഞു.
മോന്‍സ് ജോസഫ് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി തോമസ്, കേരള കോണ്‍ഗ്രസ് സംസ്ഥാന കോഒാര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ഗ്രന്ഥകാരന് ഡോ. ജോബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.
എസ്ബി കോളജ് പൂര്‍വവിദ്യാര്‍ഥിയും ശതാഭിഷിക്തനുമായ പി.ജെ.ജോസഫിനെ എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ ഡോ. ടെഡി കാഞ്ഞൂപറമ്പില്‍ പൊന്നാട അണിയിച്ചു. പി.ജെ. ജോസഫ് മറുപടി പ്രസംഗം നടത്തി.