ഡിജിറ്റൽ ആസക്തി: നാലു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 41 കുട്ടികള്‍
Saturday, September 20, 2025 1:24 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതു 41 കുട്ടികള്‍.
2021 മുതല്‍ 2025 സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരമാണിത്. ഫോണ്‍ അഡിക്ഷൻ മൂലം ലൈംഗിക ചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 30 കുട്ടികളെ കണ്ടെത്തി ആഭ്യന്തരവകുപ്പ് നിയമനടപടികള്‍ സ്വീകരിക്കുകയുണ്ടായി.
ഗുരുതരമായ ഡിജിറ്റല്‍ ആസക്തരായ കുട്ടികളെ രക്ഷിക്കാന്‍ സംസ്ഥാനത്ത് തിരുവനന്തപുരം (പേരൂര്‍ക്കട), കൊച്ചി സിറ്റി (മട്ടാഞ്ചേരി, കോമ്പാറ), തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ആറു ഡിജിറ്റല്‍ ലഹരിവിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതുവരെ 1,189 കുട്ടികളെ ഡിജിറ്റല്‍ ആസക്തിയിൽനിന്ന് ചികിത്സിച്ചു രക്ഷപ്പെടുത്തി. നിലവില്‍ 275 കുട്ടികള്‍ക്കു ചികിത്സ നല്‍കിവരുന്നുണ്ട്.
ഡിജിറ്റല്‍ ആസക്തരായ കുട്ടികളില്‍ ലഹരിക്കടത്തുകാരായവരുടെ എണ്ണം കൂടുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള വിലകൂടിയ സമ്മാനങ്ങള്‍ നല്കി അവരെ ലഹരിപദാര്‍ഥങ്ങള്‍ കടത്തുന്ന ഏജന്റുമാരായി ഉപയോഗിക്കുന്ന സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മൊബൈല്‍ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലഹരി നല്‍കിയും മറ്റും ദുരുപയോഗം ചെയ്യുന്ന കേസുകളും നിലവിലുണ്ട്.