‘കുഞ്ഞ്’ നോവയ്ക്ക് ഒന്നാം പിറന്നാൾ
Saturday, September 20, 2025 1:23 AM IST
കൊച്ചി: നോവ ഒരു പേരു മാത്രമല്ല; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനത്തിന്റെ പര്യായംകൂടിയാണ്.
ദക്ഷിണേഷ്യയിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശുവായി കണക്കാക്കപ്പെടുന്ന നോവയ്ക്ക് ഒന്നാം പിറന്നാൾ. അതിജീവനത്തിന്റെ വിജയഗാഥയുമായി പുഞ്ചിരിക്കുന്ന കുഞ്ഞുനോവയുടെ പിറന്നാൾ, അവൻ പിറന്നുവീണ ആശുപത്രിക്ക് ആഘോഷമായി. 350 ഗ്രാം മാത്രം ഭാരവുമായാണ് എറണാകുളം ലൂർദ് ആശുപത്രിയിൽ നോവ പിറന്നത്.
23 ആഴ്ച മാത്രം ഗർഭകാലം പൂർത്തിയാക്കി ജനിച്ച നോവയ്ക്ക് ജനനസമയത്തുതന്നെ ഗുരുതര വെല്ലുവിളികൾ നേരിടേണ്ടിവന്നു. വളർച്ചയുടെ അപാകത, ഭാരക്കുറവ്, അമ്മയ്ക്കുണ്ടായിരുന്ന അണുബാധ, ശ്വാസകോശം അടക്കമുള്ള അവയവങ്ങളുടെ അപൂർണത എന്നിവയെല്ലാം വെല്ലുവിളിയായി.
ലൂർദ് ആശുപത്രിയിലെ നിയോനേറ്റൽ വിഭാഗത്തിലെ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിൽ 100 ദിവസത്തിലധികം നീണ്ട അതിസങ്കീർണമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയുമാണ് കുഞ്ഞ് പുതുജീവനിലേക്കു ചുവടുവച്ചത്. ഇപ്പോൾ നോവ പൂർണ ആരോഗ്യവാനാണെന്ന് ഡോ. റോജോ പറഞ്ഞു.
മാതാപിതാക്കളായ കെവിൻ ഡുറോയും സുജിഷയും ആശുപത്രിയോടും ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി അറിയിച്ചു. നോവയുടെ ജീവിതം അദ്ഭുതമാണെന്നും ഡോക്ടർമാരുടെ സമഗ്ര സേവനവും സമയബന്ധിതമായ ഇടപെടലുകളും കുടുംബത്തിന്റെ വിശ്വാസവും ചേർന്നപ്പോൾ അതിജീവനം സാധ്യമായതായും ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര പറഞ്ഞു.