എംഎസ്സി എൽസ കപ്പലപകടം; മത്സ്യമേഖലയിലെ നഷ്ടം വലുതെന്നു പഠനം
Saturday, September 20, 2025 1:23 AM IST
കൊച്ചി: എംഎസ്സി എൽസ 3 കപ്പലപകടത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും (കെഎസ്എംടിഎഫ്) ഗ്രീൻപീസ് ഇന്ത്യയും സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു.
പഠന റിപ്പോർട്ടായ ‘തകർന്ന ഭാവി; എംഎസ്സി എൽസ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ’ തിരുവനന്തപുരത്തെ പുല്ലുവിളയിൽ മത്സ്യബന്ധനംകൊണ്ട് ഉപജീവനം നയിക്കുന്ന വിഭാഗങ്ങളിലുണ്ടായ ദുരന്തത്തിന്റെ ഗുരുതര പ്രത്യാഘാതം വെളിപ്പെടുത്തുന്നു.
കരുംകുളം ഗ്രാമപഞ്ചായത്തും കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറവും (സിഎസ്സിഎഫ്) ചേർന്നു തയാറാക്കിയ ഗ്രീൻപീസ് ഇന്ത്യ റിപ്പോർട്ട് നഷ്ടപ്പെട്ട വരുമാനം, കേടുപാട് സംഭവിച്ച വലകൾ, തകർന്നുകൊണ്ടിരിക്കുന്ന മത്സ്യവിപണി എന്നിവ കുടുംബങ്ങളെ എത്രമാത്രം കടബാധ്യതയിലും മാനസികസമ്മർദത്തിലും എത്തിച്ചിരിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു.
96 ശതമാനത്തിലധികം ആളുകളും പ്രത്യക്ഷമായോ പരോക്ഷമായോ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന ഒരു മത്സ്യബന്ധന ഗ്രാമത്തിൽ ആസ്തിനഷ്ടം 50 ലക്ഷം രൂപ കവിയുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതിദിനം 3,000 രൂപ സമ്പാദിച്ചിരുന്ന മത്സ്യവില്പനക്കാരായ സ്ത്രീകൾക്കു മലിനീകരണ ആശങ്കയെത്തുടർന്ന് മീൻ കച്ചവടത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. കപ്പൽഛേതത്തിനുശേഷം പ്രദേശത്തെ മത്സ്യബന്ധന കുടുംബങ്ങൾക്ക് പ്രതിമാസം 25,000 മുതൽ 35,000 രൂപയുടെ വരെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചെറുകിട ബോട്ടുടമകൾ മുതൽ മത്സ്യവില്പനക്കാർ വരെയുള്ളവർ ഇതിന്റെ ഫലമായുണ്ടായ പ്രത്യാഘാതങ്ങൾക്ക് ഇരകളാണ്. അവരിൽ ഭൂരിഭാഗത്തിനും ബന്ധപ്പെട്ട അധികാരികളുടെ പിന്തുണ ലഭിക്കാത്തതിനാൽ ദുരന്തവുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാനാകാത്ത സാഹചര്യമാണുള്ളത്. ഇത് കുടുംബങ്ങളെ കൂടുതൽ കടബാധ്യതകളിലേക്കു തള്ളിവിട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഏകമാർഗം സംസ്ഥാന സർക്കാരിന്റെ ഇടപെടലും ശക്തമായ നടപടികളുമാണെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ പറഞ്ഞു
സംസ്ഥാനസർക്കാരിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ ഇതിനകംതന്നെ ദുരന്തത്തെത്തുടർന്നു പ്രതിസന്ധിയിലായ തീരദേശകുടുംബങ്ങളെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽനിന്നുകൂടി ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയുണ്ടെന്നുംഅദ്ദേഹം കൊച്ചിയിൽ പറഞ്ഞു.