"ബഹു ഉപയോഗിച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും'; സർക്കാർ ഉത്തരവിനെ പരിഹസിച്ച് ടി. പദ്മനാഭൻ
Saturday, September 20, 2025 1:24 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേര് എഴുതുന്നതിനു മുന്പ് "ബഹു' എന്ന് ഉപയോഗിക്കണമെന്ന സർക്കുലറിനെ പരിഹസിച്ച് സാഹിത്യകാരൻ ടി. പദ്മനാഭൻ.
സത്യത്തിൽ എനിക്ക് ഒരു ബഹുമാനവുമില്ലെങ്കിലും ഈ വയസുകാലത്ത് ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്നു ചേർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രൗഢ് കേരളയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിക്കെതിരേ സമൂഹ നടത്തത്തിന്റെ സമാപനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടി. പദ്മനാഭൻ.
ഏതു മന്ത്രിയെയുംകുറിച്ച് പറയുന്പോഴും ബഹുമാനപ്പെട്ട എന്നു പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ നമ്മൾ ജയിലിൽ പോകേണ്ടിവരും. ജയിലിൽ പോകുന്നതിനു മുന്പ് പോലീസുകാർ ഇടിച്ച് ശരിപ്പെടുത്തും. ഒറ്റയടിക്ക് മരിച്ചുപോകും. ഈ വയസുകാലത്ത് 97 ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്. അതിനൊന്നും ഇടവരാതിരിക്കാനാണ് ഞാൻ ബഹുമാനപ്പെട്ട... ബഹുമാനപ്പെട്ട എന്നു പറയുന്നത്. ഒരു സ്വകാര്യം പറയാം. സത്യത്തിൽ ഒരു ബഹുമാനവുമില്ല. സത്യം പറയണമെന്നാണല്ലോ എന്നും ടി. പദ്മനാഭൻ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേര് എഴുന്നതിന് മുന്പായി ബഹുമാനാർഥം ബഹു. എന്ന് ഉപയോഗിക്കണമെന്ന് ഓർമിപ്പിച്ച് കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. പരാതികൾക്കും നിവേദനകൾക്കുമുള്ള മറുപടികൾക്കും ഔദ്യോഗിക കത്തിടപാടുകൾക്കും ബഹു. ചേർക്കണമെന്നാണ് നിർദേശം.