ആ ദൈവദൂതനെ ആദി നേരിൽ കണ്ടു; വിഷ്ണു ചേർത്തുപിടിച്ചത് ആദിയുടെ ജീവിതം
Saturday, September 20, 2025 1:23 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: ദൈവദൂതനെപ്പോലെ കടന്നുവന്ന ഒരാൾ രക്തമൂലകോശം നല്കിയപ്പോൾ മകൻ ജീവിതത്തിലേക്ക് തിരികെയെത്തി. തന്റെ മകന്റെ ജീവൻ നിലനിർത്താനായി രക്തമൂലകോശം നല്കിയ, കാണാമറയത്തായിരുന്ന ആൾ ഇന്നലെ തനിക്കു മുന്നിൽ വന്നപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞുതുളുന്പി. മകന്റെ ജീവന്റെ തുടിപ്പ് നിലനിർത്താനായി ചാരെയെത്തിയ ആ യുവാവിനെ ഇരുകൈയും ചേർത്ത് അമ്മ മുറുകെപ്പിടിച്ചപ്പോൾ അതു ഹൃദയത്തിൽനിന്നൊരു നന്ദി
ഏഴാം വയസിൽ രക്താർബുദം ബാധിച്ച അഞ്ചൽ സ്വദേശിയായ ആദി നാരായണനു രക്തമൂലകോശം(മജ്ജ) നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വിഷ്ണു വേണുഗോപാലാണ് ഇന്നലെ തന്റെ രക്തമൂലകോശം സ്വീകരിച്ച ആദിനാരായണനെയും മാതാവ് വിദ്യയെയും കാണാനായി രണ്ടു വർഷങ്ങൾക്കുശേഷം എത്തിയത്. തിരുവനന്തപുരം എംജി കോളജ് ഓഡിറ്റോറിയത്തിലാണ് ഈ അപൂർവസംഗമം നടന്നത്.
2023ലാണ് ആദി നാരായണന് മജ്ജ മാറ്റിവയ്ക്കൽ നടത്തിയത്. എന്നാൽ ഇതിനായി രക്തമൂലകോശം നല്കിയത് ആരാണെന്ന് സ്വീകരിച്ച ആദിനാരായണനോ മാതാവ് ദിവ്യക്കോ അറിയില്ലായിരുന്നു. താൻ ആർക്കാണ് മൂലകോശം നല്കിയതെന്ന കാര്യം വിഷ്ണുവിനും അറിയില്ലായിരുന്നു. ‘ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആദിക്ക് വിഷ്ണുവിന്റെ രക്തമൂലകോശം നലാകാനുള്ള അവസരമൊരുക്കിയത്. അപൂർവമായി മാത്രമേ ഇത്തരത്തിൽ സാമ്യത ലഭിക്കാറുള്ളൂ.
ആദിനാരായണൻ ബി സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച് രണ്ടുവർഷം മുൻപാണ് ട്രാൻസ്പ്ലാന്റിനു വിധേയനായത്. 10000 മുതൽ 20 ലക്ഷം വരെയുള്ളവരിൽ ഒരാളുടെ മൂലകോശമാകും സ്വീകർത്താവിന് സാധാരണ സാമ്യമുണ്ടാകാറുള്ളത്. അത്തരത്തിൽ ആദിക്ക് വിഷ്ണുവിന്റെ മൂലകോശം സാമ്യമാവുകയും തുടർന്ന് മൂലകോശം ദാനം ചെയ്യുകയുമായിരുന്നു.
ആദിക്ക് ഏഴുവയസുള്ളപ്പോളാണ് ആദ്യമായി കാൻസർ സ്ഥിരീകരിച്ചത്. ചികിത്സിച്ച് സുഖപ്പെട്ടെങ്കിലും കാൻസർ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും വന്നു. ആർസിസിയിലെ ചികിത്സയിലൂടെ രണ്ടാം വട്ടവും കാൻസർ തോറ്റു പിൻവാങ്ങി.
എന്നാൽ മൂന്നാം വരവിലാണ് രക്തമൂലകോശം സ്വീകരിച്ചത്. ഇതിനായി വിഷ്ണു മൂലകോശം നല്കാൻ തയാറായതോടെയാണ് ആദി ജീവിതത്തിലേക്ക് വീണ്ടും പിച്ചവച്ചത്.
വട്ടപ്പാറ സ്വദേശിയായ വിഷ്ണു ഇൻഫോസിസിലെ ജീവനക്കാരനാണ്. ആദി അഞ്ചൽ സെന്റ് ജോർജ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയും. എംജി കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ സംഘടനയുടേയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോളജിലെ പൂർവ വിദ്യാർഥികൂടിയാണ് വിഷ്ണു.