ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസ് കാറിലിടിച്ച് അപകടം; നഴ്സ് മരിച്ചു
Saturday, September 20, 2025 1:24 AM IST
ഏറ്റുമാനൂർ: പുന്നത്തുറയിൽ 108 ആംബുലൻസ് കാറുമായി ഇടിച്ചു മറിഞ്ഞ് ആംബുലൻസിലുണ്ടായിരുന്ന നഴ്സിന് ദാരുണാന്ത്യം. നെടുങ്കണ്ടത്തു നിന്നു രോഗിയുമായി വന്ന ആംബുലൻസ് നിയന്ത്രണംവിട്ട് കാറിലിടിച്ച് മറിയുകയായിരുന്നു.
ആംബുലൻസിൽ മെയിൽ നേഴ്സായി ജോലി ചെയ്തിരുന്ന ഇടുക്കി നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (40) ആണ് മരിച്ചത്. ആംബുലൻസ് ഓടിച്ച ഉപ്പുതറ സ്വദേശി ജിജോ(35), ആംബുലൻസിലുണ്ടായിരുന്ന രോഗിയായ ഇടുക്കി ഉടുമ്പൻചോല പാപ്പൻപാറ, ഏർത്ത്കുന്നേൽ തങ്കമ്മ (76), മകൾ ഷൈനി, ഷൈനിയുടെ മകളായ സോഫിയ എന്നിവർ പരിക്കുകളുടെ രക്ഷപ്പെട്ടു. കാഞ്ചിയാറിൽ നിന്നെത്തിയ 108 ആംബുലൻസാണ് മറിഞ്ഞത്. ഇന്നലെ ഉച്ചകഴി ഞ്ഞ് മൂന്നോടെ പുന്നത്തുറ ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിയുടെ കാറുമായാണ് ആംബുലൻസ് ഇടിച്ചത്. കാർ ഡ്രൈവർക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഹൃദയസംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തങ്കമ്മയുമായി ആംബുലൻസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ആംബുലൻസ് കാറിലിടിച്ച് മറിഞ്ഞതിനെ തുടർന്ന് നഴ്സ് ജിതിൻ ജോർജ് ആംബുലൻസിനടിയിൽപ്പെട്ടതാണ് മരണത്തിനിടയാക്കിയത്.
ആംബുലൻസിലുണ്ടായിരുന്ന മറ്റുള്ളവരെ ഇതു വഴി വന്ന വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ജിജോയുടെ നെഞ്ച് സ്റ്റിയറിംഗിൽ ഇടിച്ച് ചതവ് സംഭവിച്ചു. തങ്കമ്മയുടെ കൈക്കും ഷൈനിയുടെ കാലിനും പരിക്കുണ്ട്.
അടിമാലി താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിലെ നഴ്സായിരുന്നു ജിതിൻ. ഇന്നലെ ഒരുദിവസ ഡ്യൂട്ടിക്കായാണ് കാഞ്ചിയാർ താലൂക്ക് ആശുപത്രിയിലെ 108 ൽ വന്നത്.
ജിതിന്റെ സംസ്കാരം ഇന്ന് അഞ്ചിന് നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ. പിതാവ്: പരേതനായ തങ്കച്ചൻ. അമ്മ: ഗ്രേസി, ഭാര്യ: ആൻസ് (അമല- കാഞ്ഞിരക്കൊന്പിൽ കുടുംബാംഗം), മകൾ: ജോ ആൻ.