പുനരൈക്യ വാർഷികാഘോഷങ്ങൾക്കു സമാപനം
Sunday, September 21, 2025 1:02 AM IST
അടൂർ: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂരിലെ മാർ ഈവാനിയോസ് നഗറിൽ നടന്നുവന്ന 95-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾ സമാപിച്ചു.
ഇന്നലെ രാവിലെ നടന്ന സമൂഹബലിക്കു മുന്നോടിയായി അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ യൗനാൻ ബാവ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നിവരെ വിശ്വാസികൾ പ്രാർഥനാപൂർവം വരവേറ്റു. സമൂഹബലിക്ക് കർദിൾ മാർ ക്ലീമിസ് ബാവ മുഖ്യകാർമികത്വം വഹിച്ചു.
ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, സാമുവൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, വിൻസന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, ഗീവർഗീസ് മക്കാറിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്,ആന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പക്കോമിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം എന്നിവരും പാത്രിയർക്കീസ് ബാവയ്ക്കൊപ്പം എത്തിയ മാർ ബർണബാ യൂസിഫ് ഹാബാഷ്, മാർ എഫ്രേം യൂസിഫ് ആബാ എന്നീ ബിഷപ്പുമാരും കുർബാനയിൽ കാർമികരായി.
നിയുക്ത മെത്രാന്മാരായ മോൺ. ഡോ. കുര്യാക്കോസ് തടത്തിൽ, മോൺ. ഡോ. ജോൺകുറ്റിയിൽ എന്നിവരും നാനൂറോളം വൈദികരും സഹകാർമികരായിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ കുർബാന മധ്യേ വചനസന്ദേശം നൽകി.
സഭയുടെ ആരാധനക്രമ വർഷത്തിന്റെ ഉദ്ഘാടനം കാതോലിക്കാ ബാവ നിർവഹിച്ചു. കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലിക്ക് ആശംസയർപ്പിച്ച് കേക്ക് മുറിച്ചു. ഇതോടനുബന്ധിച്ച് 25 വീടുകൾ സഭ നിർമിച്ചു നൽകുമെന്നു സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.
2026ലെ പുനരൈക്യ വാർഷികം പൂനെ-കട്കി സെന്റഫ് എഫ്രേം ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ചെന്നൈയിൽ നടത്തുമെന്ന പ്രഖ്യാപനവുമുണ്ടായി. പേപ്പൽ പതാക ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസും രൂപത പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി.
മലങ്കര കത്തോലിക്കാ സഭയുടെ 12 രൂപതകളിൽനിന്നും ഗൾഫ് മേഖലകളിൽ നിന്നുമായി പതിനായിരത്തിലധികം വിശ്വാസികളാണ് അടൂരിൽ നടന്ന പുനരൈക്യ വാർഷിക പരിപാടികളിൽ പങ്കെടുത്തത്.