ഷൈനിന്റെ പരാതിയില്‍ സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങള്‍ തേടി അന്വേഷണസംഘം
Sunday, September 21, 2025 1:02 AM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ തെളിവുശേഖരണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം. ഇതിന്റെ ഭാഗമായി അപവാദ പ്രചാരണം നടന്ന സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടി അന്വേഷണസംഘം മെറ്റയ്ക്ക് കത്ത് നല്കി.
ഐപി അഡ്രസ്, പേഴ്സണല്‍ ഐഡി, പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച നെറ്റ്വര്‍ക്ക് എന്നിവയുടെ വിശദാംശങ്ങളാണു മെറ്റയോട് ആവശ്യപ്പെട്ടിട്ടുള്ളത്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വൈകാതെ മറുപടി ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
സമൂഹമാധ്യമങ്ങളില്‍ വന്ന അപവാദ പോസ്റ്റുകളും യുട്യൂബ് വാര്‍ത്തകളും പ്രത്യേക സംഘം വിശദമായി പരിശോധിക്കുകയാണ്. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ റൂറല്‍ സൈബര്‍ പോലീസ് എസ്എച്ച്ഒയാണ് കേസന്വേഷിക്കുന്നത്.
കെ.എം. ഷാജഹാന്റെ യുട്യൂബ് ചാനലടക്കം നിരവധി സോഷ്യല്‍ മീഡിയ ഹാന്ഡിലുകള്ക്കെതിരേയാണു കെ.ജെ. ഷൈന്‍ പരാതി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞദിവസം പറവൂരിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച തെളിവുകളും കെ.ജെ. ഷൈന്‍ കൈമാറിയിട്ടുണ്ട്. ആരോപണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി.കെ. ഗോപാലകൃഷ്ണന്, യുട്യൂബ് ചാനലിലൂടെ വീഡിയോ പ്രചരിപ്പിച്ച കെ.എം.ഷാജഹാന് എന്നിവരാണു പ്രതികള്‍. ഭാരതീയ ന്യായസംഹിതയിലെ 78, 79, മൂന്ന് (അഞ്ച്), ഐടി ആക്ട് 67, കേരള പേലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.