ചെറുതോണിയിൽ മിനി ഫുഡ് പാർക്ക് ; ഭൂമി കൈമാറ്റ നടപടിയായെന്ന് മന്ത്രി റോഷി
Sunday, September 21, 2025 1:02 AM IST
ഇടുക്കി: മിനി ഫുഡ്പാർക്ക് നിർമാണത്തിനായി ചെറുതോണി ആലിൻചുവട് ഭാഗത്തു 10 ഏക്കർ സ്ഥലം വ്യവസായ വകുപ്പ് ആവശ്യപ്പെട്ട ഭേദഗതികളോടെ കൈമാറുന്നതിന് പുതുക്കിയ ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
പാർക്കിന്റെ ഭാഗമായി സ്ഥലം വ്യവസായികൾക്ക് കൈമാറാനും അനുമതിയായി. മിനി ഫുഡ്പാർക്ക് നിർമിക്കുന്നതിനായി മരങ്ങൾ വില നിശ്ചയിച്ചു മുറിച്ചുനീക്കുന്നതിനുള്ള അനുമതിയും ഉപാധികളോടെ ലഭ്യമായിട്ടുണ്ട്.
സർവേ നടപടികൾ പൂർത്തിയാക്കി ജില്ലാ കളക്ടർ മുഖേന റവന്യു വകുപ്പിന് കൈമാറിയ നിർദേശം അംഗീകരിക്കുകയായിരുന്നു. തടസങ്ങൾ നീങ്ങിയതോടെ എത്രയും വേഗത്തിൽ മിനി ഫുഡ് പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ഡിടിപിസിയുടെ അധീനതയിലുള്ള സ്ഥലമാണ് പാർക്കിനായി കൈമാറിയിട്ടുള്ളത്.
ചെറുകിട വ്യാപാരത്തിനു പ്രാമുഖ്യം ലഭിക്കത്തക്കവിധം വ്യവസായ വകുപ്പ് സംരംഭകർക്ക് ഭൂമി കൈമാറുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രത്യക്ഷമയും പരോക്ഷമായും 500ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. ഇതോടൊപ്പം ജില്ലയിലെ ഭക്ഷ്യ വിഭവങ്ങൾ സംസ്കരിച്ച് വിറ്റഴിക്കാനും കർഷകർക്ക് അവസരമൊരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.