മാർ ഈവാനിയോസിന്റെ ആശയങ്ങൾക്ക് ഇന്നും പ്രസക്തി: മുഖ്യമന്ത്രി
Sunday, September 21, 2025 1:02 AM IST
അടൂർ: അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിൽ ഐക്യം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർ മാർ ഈവാനിയോസ് നഗറിൽ മലങ്കര കത്തോലിക്കാ സഭ 95-ാമത് പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് ധന്യൻ മാർ ഈവാനിയോസിന്റെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ ഇന്നും കേരളീയ സമൂഹത്തിൽ ഉണ്ട്. ശാന്തിയും സമാധാനവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ ചെറുക്കാനും ഒറ്റപ്പെടുത്താനും നമുക്കു കഴിയണം. സമാധാനവും ശാന്തതയുമാണ് വികസനത്തിന് ആവശ്യം. കേരള ജനത സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മാർ ഈവാനിയോസ് മുന്നോട്ടുവച്ച ആശയം ഐക്യത്തിന്റെയും സമാധാനത്തിന്റേയുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ട യഥാർഥ പുത്രനായിരുന്നുഅദ്ദേഹം. ഒരു നൂറ്റാണ്ട് മുന്പ് മാർ ഈവാനിയോസ് നമ്മുടെ നാട്ടിൽ തുടങ്ങിവച്ച സമൂഹികമായ മുന്നേറ്റം ഐക്യത്തിന്റെ പാതയിൽ മനുഷ്യരെ കൂട്ടി യോജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
സാമൂഹികമായ നിരവധി വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ലക്ഷ്യ നിർവഹണത്തിനായി യത്നിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനേകായിരങ്ങളെ വിജ്ഞാനത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞു. ഏതു പ്രതിസന്ധിയിലും പ്രതികൂല സാഹചര്യങ്ങളിലും അതിനെ നേരിടാനുള്ളസമർപ്പണവും ധൈര്യവും മാർ ഈവാനിയോസിനുണ്ടായിരുന്നു.
അവശ ജനവിഭാഗത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ചു. പ്രാഥമികമായി വേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നു മനസിലാക്കി 96 പ്രൈമറി സ്കൂളുകളും പത്ത് ഹൈസ്കൂളുകളും ഒരു അധ്യാപക പരിശീലന കേന്ദ്രവും സ്ഥാപിച്ചു. നാട് മുന്നേറുന്പോൾ ഒരാളും പിന്തള്ളപ്പെട്ടു പോകരുതെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മാർ ഈവാനിയോസ് അന്നു മുന്നോട്ടുവച്ച ആശയങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഭാഗീയ ചിന്തകൾക്കതീതമായി നിലനിർത്താൻ സംഭാവന നൽകിയ ഒരു സഭാ വിഭാഗത്തിന്റെ അമരക്കാരനായി ഇന്ന് പ്രവർത്തിക്കുന്ന കർദിനാൾ മാർ ക്ലീമിസ് കേരളത്തിലെ ക്രൈസ്തവ സഭകൾക്കാകെ മാർഗനിർദേശം നൽകാനും സവിശേഷമായ ഉത്തരവാദിത്വം നിർവഹിക്കാൻ കെല്പുള്ളതും അനുഭവ സന്പത്തുള്ളയാളുമാണ്. അദ്ദേഹത്തിനും സഭാ സ്ഥാപനങ്ങൾക്കും സർക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ യൗനാൻ ബാവ, മന്ത്രി വീണാ ജോർജ്, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ, പത്തനംതിട്ട ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ജനറൽ കൺവീനർ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ തുടങ്ങിയവർ പ്രസംഗിച്ചു.