ബിജെപി നഗരസഭാ കൗണ്‍സിലർ ജീവനൊടുക്കിയ നിലയിൽ
Sunday, September 21, 2025 1:02 AM IST
പേരൂർക്കട: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറെ ഓഫീസ് മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുമല വാർഡ് കൗണ്‍സിലറും ബിജെപി ജില്ലാ നേതാവുമായ തിരുമല അണ്ണൂർ മേലേ റോഡ് ടിസി 18/2036 ശിവകൃപയിൽ കെ. അനിൽകുമാർ (56) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെ പൂജപ്പുര ഷോപ്പിംഗ് കോംപ്ലക്സിലെ കൗണ്‍സിലറുടെ ഓഫീസിൽ എത്തിയ അനിലിനെ ഒൻപതരയോടെ ജീവനക്കാരെത്തി വാതിൽ തുറന്നപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അനിൽ കുമാർ നേതൃത്വം നൽകിയിരുന്ന വലിയശാല ഫാം ടൂർ സൊസൈറ്റി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്നു രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെയും തിരുമലയിലെ ഓഫീസിലെയും പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും. ഭാര്യ: ആശ (ടീച്ചർ). മക്കൾ: അമൃത, ദേവനന്ദ.