മാര് ജേക്കബ് തൂങ്കുഴി വിശ്വാസബോധ്യത്തിൽ ദൈവജനത്തെ നയിച്ച മെത്രാൻ: മാർ ജോസ് പുളിക്കൽ
Sunday, September 21, 2025 1:02 AM IST
കാഞ്ഞിരപ്പള്ളി: വിശ്വാസ ബോധ്യത്തിൽ ദൈവജനത്തെ നയിക്കുന്നതിന് ധീരതയോടെ പ്രയത്നിച്ച മെത്രാനായിരിന്നു മാര് ജേക്കബ് തൂങ്കുഴിയെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
സഭയുടെ പ്രേഷിത ദൗത്യത്തെ വിശാലമായ കാഴ്ചപ്പാടിലൂടെ ദർശിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തിന് സാധിച്ചു. മാർ ജേക്കബ് തൂങ്കുഴിയുടെ പ്രാർഥനാജീവിതവും ലാളിത്യവും കാലഘട്ടത്തിന് ചേർന്ന അജപാലന ശൈലിയും മാതൃക നൽകുന്നതായിരുന്നു.
സാമൂഹ്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. ഏൽപിക്കപ്പെട്ട ശുശ്രൂഷയെ സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വർഥമാക്കിയ മാർ ജേക്കബ് തൂങ്കുഴി ആദരപൂർവം സ്മരിക്കപ്പെടുമെന്നും മാർ ജോസ് പുളിക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാര് ജേക്കബ് തൂങ്കുഴിയുടെ വിയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാർഥന വാഗ്ദാനം ചെയ്യുകയും വേർപാടിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നതായി മാർ ജോസ് പുളിക്കലും മാർ മാത്യു അറയ്ക്കലും അറിയിച്ചു.