കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര ഒക്ടോബർ 13 മുതൽ
Sunday, September 21, 2025 1:02 AM IST
കൊച്ചി: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അവകാശസംരക്ഷണ യാത്ര നടത്തും. ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള യാത്ര ഒക്ടോബർ 13 മുതൽ 24 വരെയാണു നടക്കുക.
ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ കാസർഗോഡ് ജില്ലയിലെ പനത്തടിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ, രൂപത ഭാരവാഹികൾ നേതൃത്വം നൽകുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഒക്ടോബർ 24 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു നടക്കുന്ന പ്രകടനത്തോടെ ജാഥ സമാപിക്കും.
ജനകീയ ആവശ്യങ്ങളോടു രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും അംഗീകരിക്കാനാകില്ലെന്ന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാളുകളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാട് എടുക്കാൻ നിർബന്ധിതരാകുമെന്നും അവർ പറഞ്ഞു.
ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, ജോർജ് കോയിക്കൽ, ബിജു സെബാസ്റ്റ്യൻ, ഫിലിപ്പ് വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ നടന്നുവരുന്നതായി സംഘാടക സമിതി അറിയിച്ചു.
ജാഥയിലെ ആവശ്യങ്ങൾ
=മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക =ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക = വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക =റബർ, നെല്ല് ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു പരിഹാരം കാണുക =വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക