തിരുവോണം ബംപർ ലോട്ടറി; വിൽപ്പന 70 ലക്ഷം കടന്നു
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് വിൽപ്പന 70 ലക്ഷം കടന്നു. നറുക്കെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ 70,74,550 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്.
ആകെ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളിൽ 4,25,450 ടിക്കറ്റുകളാണ് ഇനി വിറ്റുതീരാനുള്ളത്. ലോട്ടറി വിൽപനയുടെ സുഗമമായ നടത്തിപ്പിനായി അവധിദിവസമായ ഇന്ന് ജില്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകൾ പ്രവർത്തിക്കും. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 13,66,260 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.
ഒന്നാംസമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനവുമുണ്ട്. 500 രൂപ ടിക്കറ്റ് വിലയുള്ള തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് 27ന് ഉച്ചകഴിഞ്ഞു രണ്ടിനാണ്.