“ശബരിമല മതാതീത ആത്മീയതയുടെ ആരാധനാലയം”
Sunday, September 21, 2025 1:02 AM IST
പന്പ (പത്തനംതിട്ട): മതാതീത ആത്മീയതമ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ഒരേപോലെ പ്രാപ്തമായ ആരാധനാലയമാണു ശബരിമലയെന്നും ആ നിലയ്ക്കുതന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വമാനവികതയുടെ മൂര്‍ത്തിമത്ഭാവമായ ശബരിമലയെ ലോക തീർഥാടന ഭൂപടത്തിന്റെ മുഖ്യസ്ഥാനത്ത് എത്തിക്കുന്നതിനുവേണ്ടിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്പിച്ചു നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളില്നിന്നുതന്നെ മനസിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. തമിഴ്നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ ബാബു, ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.
മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, വീണാ ജോര്‍ജ്, സജി ചെറിയാന്, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ടി.കെ.എ. നായർ, ജേക്കബ് പുന്നൂസ് എന്നിവർ ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, തിരക്ക് നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഇതിന്മേൽ വിദഗ്ധരടങ്ങുന്ന സംഘം പാനൽ ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ ക്രോഡീകരിച്ചു.
“ദേവസ്വത്തിന്റെ പണം സർക്കാർ എടുക്കുന്നില്ല”

പന്പ: ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്നത് ചിലർ നടത്തുന്ന വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ പിന്മാറണം എന്ന വാദം ചില കോണുകളില്നിന്നുയരുന്നുണ്ട്.
ആരും നോക്കാനില്ലാതെ നാശോന്മുഖമാകുന്ന നില വന്നപ്പോഴാണ് ബോര്‍ഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവില്‍ വന്നത്. അതോടെയാണ് തകര്‍ച്ചയിലായ ഒരുപാട് ക്ഷേത്രങ്ങള്‍ ഉദ്ധരിക്കപ്പെട്ടതും ക്ഷേത്ര ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം ഉറപ്പാക്കിയതുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2019ലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും വിഷമത്തിലായ ഘട്ടത്തില്‍ 140 കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ ബോര്‍ഡിനു നല്‍കിയത്. മരാമത്ത് പണികള്‍ക്കായി 123 കോടി രൂപയും ലഭ്യമാക്കി. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവര്‍ സര്‍ക്കാര്‍ സഹായമില്ലാത്ത പഴയകാല ദുരിതാവസ്ഥയിലേക്കു ക്ഷേത്രങ്ങള്‍ തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നതെന്നു വിശ്വാസികള്‍ തിരിച്ചു ചോദിക്കണം.
ദേവസ്വത്തിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്കുകകൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിലായി ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി 232 കോടി രൂപയാണ് അനുവദിച്ചത്.
ന്യൂനപക്ഷ സെമിനാർ 33ൽ ഒന്നു മാത്രം
ഐക്യകേരള രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമായ 2031ല്‍ കേരളം എങ്ങനെയൊക്കെ വികസിച്ചു മുന്നോട്ടു പോകണം എന്ന ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടനുബന്ധിച്ച് കേരളത്തിന്റെ ഇതേവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി ഒക്ടോബറിൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ 33 സെമിനാറുകള്‍ നടത്തുന്നുണ്ട്. ഇതിൽ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍, അതുമാത്രം അടര്‍ത്തിയെടുത്ത് വസ്തുതാവിരുദ്ധമായി പ്രചാരണം നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാനാകുമോയെന്നാണ് ഒരു കൂട്ടരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരി റെയില്‍: സംസ്ഥാനം പകുതി ചെലവ് വഹിക്കും
ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൂര്‍ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെങ്കിലും ശബരി റെയില്‍പാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാനം പകുതി ചെലവ് നിര്‍വഹിക്കാന്‍ തയാറായത്.
ശബരിമല വിമാനത്താവളത്തിന് ഈ വര്‍ഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി വിമാനത്താവളം നിർമാണ പ്രവൃത്തികളിലേക്ക് കടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. ശബരിമല റോപ് വേയുടെ കാര്യത്തിലും കാര്യമായ പുരോഗതി നേടാനായെന്നു മുഖ്യമന്ത്രി പറഞ്ഞു.