പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം
Sunday, September 21, 2025 1:02 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വെള്ളിയാഴ്ച മരിച്ച തൃശൂര്‍ സദേശി അബ്ദുറഹിമിനൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു ജീവനക്കാരനും മരിച്ചത് സമാന ലക്ഷണത്തോടെയാണെന്ന് സൂചന.
കഴിഞ്ഞ പതിനാലിനാണ് കോട്ടയം സ്വദേശിയായ ശശിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ശശി. ബന്ധുക്കൾ വരാത്തതിനാല്‍ മൂന്നു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം കോര്‍പറേഷനാണ് സംസ്കരിച്ചത്.
റഹീമിനൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ശശി മരിച്ചത് ഇതേ രോഗം ബാധിച്ചാണോയെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്. മസ്തിഷ്കജ്വരം ബാധിച്ചാണ് കോട്ടയം സ്വദേശിയായ ഇയാള്‍ മരിച്ചതെന്നതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദ്രോഗമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടല്‍ അടച്ചിടാന്‍ കോര്പറേഷന് ആരോഗ്യവിഭാഗം നിര്‍ദേശം നല്കി. ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ കിണറില്‍നിന്നു വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്.
തൃശൂര്‍ ചാവക്കാട് സ്വദേശി റഹിം (58) ആണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ചയാണ് റഹീമിനെ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ചയാണ് മരിച്ചത്. രോഗം പടരുന്നതില്‍ ആശങ്ക ശക്തിപ്പെടുകയാണ്.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ മാത്രം ഈ രോഗം ബാധിച്ച്ഏഴുപേര് മരിച്ചിട്ടുണ്ട്. പത്തുപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം കാരക്കോട് സ്വദേശിയായ പതിമൂന്നുകാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്നു കുട്ടികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.