കേരളത്തിന്റെ ഷെഡ്യൂള്‍ വന്നിട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: ബിഹാര്‍ മാതൃകയില്‍ കേരളത്തില്‍ നടപ്പാക്കാനൊരുങ്ങുന്ന സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ ലഭിച്ചിട്ടില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടു യാതൊരു വിധ ആശങ്കയ്ക്കും അടിസ്ഥാനമില്ല. ആരെയും വോട്ടര്‍പട്ടികയില്‍നിന്ന് ബോധപൂര്‍വം ഒഴിവാക്കില്ല. മൂന്നു ഘടകങ്ങളാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ വേണ്ടത്. ഇന്ത്യന്‍ പൗരനായിരിക്കണം. 18 വയസ് പൂര്‍ത്തിയാകണം, അയോഗ്യനാവാന്‍ പാടില്ല.
ഒരിടത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റിയവരെ പുതിയ സ്ഥലത്തെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും പഴയ സ്ഥലത്തുനിന്ന് ഒഴിവാക്കുകയും ചെയ്യും. ബിഎല്‍ഒമാര്‍ വീടുകളിലെത്തി നല്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികള്‍ ജില്ലാ കളക്ടര്‍മാരും സിഇഒയും നേരിട്ടു കേള്‍ക്കുമെന്നും രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു.
പൗരത്വം തന്നെയാകണം പ്രധാനം: ബിജെപി
തിരുവനന്തപുരം: വോട്ടര്‍പട്ടിക പരിഷ്കരണം നടത്തുമ്പോള്‍ ഇന്ത്യന്‍ പൗരത്വം തന്നെയാകണം പ്രധാനമെന്ന് ബിജെപി പ്രതിനിധി ബി. ഗോപാലകൃഷ്ണന്.
കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇതു നടപ്പാക്കാന്‍ ഏതു വോട്ടര്‍പട്ടിക അടിസ്ഥാനരേഖയായി സ്വീകരിക്കണമെന്ന കാര്യം കമ്മീഷനു തീരുമാനിക്കാം.
കുടിയേറ്റക്കാര്‍ എന്ന വിഭാഗത്തിനു കേരളത്തില്‍ പ്രത്യേക നിര്‍വചനം വേണമെന്നും സര്‍വകകക്ഷി യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.