അച്ചു ഉമ്മനെതിരായ സൈബർ ആക്രമണ കേസിലെ പ്രതിക്കു പുനർ നിയമനം
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ സൈബർ ആക്രമണം നടത്തിയ കേസിലെ പ്രതിയെന്നു കണ്ടെത്തിയ സിപിഎം സഹയാത്രികനായ സർക്കാർ ഉദ്യോഗസ്ഥന് പുനർനിയമനം നൽകി.
സൈബർ ആക്രമണ കേസിലെ പ്രതിയെന്നു കണ്ടെത്തിയ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനെയാണ് സർക്കാർ സർവീസിൽ നിന്നു വിരമിച്ചപ്പോൾ ഐഎച്ച്ആർഡിയിൽ പുനർനിയമനം നൽകി സംരക്ഷണ കവചമൊരുക്കിയത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു കാലത്ത് അച്ചു ഉമ്മനെതിരേ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിച്ച പൊതുഭരണ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടിയില്ലെന്ന് വിവരാവകാശ ചോദ്യത്തിനു നൽകിയ മറുപടിയിൽ പറയുന്നു. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ നേതാവായിരുന്നു ഉദ്യോഗസ്ഥൻ. കേസ് നിലനിൽക്കേയാണ് സർവീസിൽ നിന്നു വിരമിച്ചത്.
തുടർന്ന് കേരള സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമനം നൽകി. ഇദ്ദേഹത്തിന്റെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടും ഇദ്ദേഹത്തിനെതിരേ നിയമ നടപടി സ്വീകരിക്കാനോ ഐഎച്ച്ആർഡിയിൽ നിന്നു ഒഴിവാക്കാനോ സർക്കാർ തയാറായില്ല.
മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുത്ത ബന്ധമാണ് വിരമിച്ച ഉദ്യോഗസ്ഥന് ഇത്തരത്തിൽ ഒരു നിയമനം ലഭിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ അല്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയില്ലെന്നാണു സർക്കാർ മറുപടി.
അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പോലീസ് മൊഴിയെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹമാണ് സൈബർ ആക്രമണം നടത്തിയതെന്നു കണ്ടെത്തി. എന്നാൽ നടപടി ഉണ്ടായില്ല. കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് സർക്കാർ നിലപാടു വ്യക്തമായത്.