തുലാപ്പള്ളി അപകടം: ഓട്ടോ ഡ്രൈവർ മരിച്ചു
Sunday, September 21, 2025 1:02 AM IST
കണമല: അയ്യപ്പ ഭക്തരുമായി ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ പമ്പാവാലി തുലാപ്പള്ളി മൂലക്കയം മുളമൂട്ടിൽ ബിജു കോശി (38) മരിച്ചു.
അപകടം സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ.
18ന് ഉച്ചയ്ക്ക് പമ്പ റൂട്ടിൽ അട്ടത്തോടിന് സമീപമാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരുമായി ഓട്ടോറിക്ഷയിൽ ഓട്ടം പോകുകയായിരുന്നു ബിജു.
ഓട്ടോയുടെ പിന്നിൽ ഒരു വാഹനം ഇടിച്ചെന്നും ഇതോടെ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷ എതിരേ പാചകവാതക സിലിണ്ടറുകളുമായി വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കെഎസ്ആർടിസി ബസാണ് ഇടിച്ചതെന്നും നാട്ടുകാർ പറയുന്നു.
അതേസമയം ഓട്ടോറിക്ഷയാണ് ബസിൽ ഇടിച്ചതെന്ന് ബസ് ജീവനക്കാർ പമ്പ പോലീസ് സ്റ്റേഷനിൽ പരാതി നൽകി അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത് വാസ്തവ വിരുദ്ധമാണെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവം സംബന്ധിച്ച് പോലീസ് കൃത്യമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.
ഗുരുതരമായ പരിക്കുകൾ മൂലമാണ് ബിജു മരിച്ചത്. ആശുപത്രിയിൽ ചെലവേറിയ അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ഇതിനാവശ്യമായ അഞ്ച് ലക്ഷത്തോളം രൂപ നാട്ടുകാർ പിരിവെടുത്താണ് നൽകിയത്.
ബിജുവിനൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന അയ്യപ്പ ഭക്തർ പരിക്കുകളോടെ ചികിത്സയിലാണ്. അവിവാഹിതനായിരുന്നു ബിജു.