പിതാവ് കൃത്രിമശ്വാസം നല്കി; കുഞ്ഞിനു രണ്ടാംജന്മം
Sunday, September 21, 2025 1:02 AM IST
വടകര: മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസം നിലയ്ക്കാന്‍ തുടങ്ങിയപ്പോള്‍ പിതാവിന്റെ അവസരോചിതമായ ഇടപെടല്‍ തുണയായി. വടകര ഫയര്‍ഫോഴ്സ് സിവില്‍ ഡിഫന്‍സ് അംഗമായ മണിയൂരിലെ ലിഗിത്താണ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്.
കളിക്കിടയില്‍ കുഞ്ഞിന്റെ നെഞ്ചത്തു മറ്റൊരു കുട്ടിയുടെ കൈ തട്ടുകയും പിന്നീട് നിര്‍ത്താതെ കരയുകയുമായിരുന്നു. ശ്വാസം നിലയ്ക്കുംമട്ടിലുള്ള അവസ്ഥ കണ്ട് സ്ത്രീകള്‍ പരിഭ്രമിച്ചു.
ഗുരുതരാവസ്ഥ മനസിലാക്കിയ ലിഗിത്ത് കൃത്രിമശ്വാസം നല്കി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ പയ്യോളിയിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കുഞ്ഞ് സുഖംപ്രാപിച്ചു.
ഫയര്‍ഫോഴ്സ് സിവില്‍ ഡിഫന്‍സ് അംഗമെന്ന നിലയില്‍ ലഭിച്ച പരിശീലനമാണ് ലിഗിത്തിന് തുണയായത്.