ഭിന്നശേഷി അധ്യാപക നിയമനം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്നു മന്ത്രി
Sunday, September 21, 2025 1:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലെന്നു മന്ത്രി വി.ശിവന്‍കുട്ടി.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇതിനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഉദ്യോഗസ്ഥ സമിതികള്‍ രൂപീകരിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ജില്ലാതല സമിതി റാങ്ക് പട്ടിക തയാറാക്കി. ജില്ലാതല സമിതി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് നിയമനത്തിനായിശിപാര്ശ ചെയ്യും.
ശിപാര്‍ശകള്‍ അനുസരിച്ച് നിയമനം നടത്തേണ്ടത് മാനേജര്‍മാരുടെ നിയമപരമായ ബാധ്യതയാണെന്നാണ് കോടതിവിധി.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസാണുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി കോടതിവിധിയില്‍ വെള്ളം ചേര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും ആരോപിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബര്‍ 25നകം പൂര്‍ത്തിയാക്കും.
ഇതുമായി ബന്ധപ്പെട്ട് ഒരു കൈപ്പുസ്തകം ഇറക്കിയിരുന്നു. സംശയങ്ങള്‍ ഇല്ലാതാക്കാനാണ് പുസ്തകം പുറത്തിറക്കിയത്. ജില്ലാതല സമിതിയും രൂപീകരിച്ചു. പരാതി ഉള്ളവര്‍ക്ക് സമിതിയെ അറിയിക്കാം.
നവംബര്‍ 10 നകം അദാലത്ത് സംഘടിപ്പിക്കും. നിയമനം നടത്താതെ സര്‍ക്കാര്‍ ഉപദ്രവിക്കുന്നുവെന്ന പേരിലുള്ള പ്രചാരണം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു.