സംസ്ഥാനത്ത് ‘ഭിന്നശേഷി സൗഹൃദം’പേരിനു മാത്രം
Tuesday, September 23, 2025 2:03 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: സർക്കാർ ഓഫീസുകളും പൊതുഇടങ്ങളും പൊതുഗതാഗത സംവിധാനവും ഭിന്നശേഷി സൗഹൃദമാക്കണമെന്ന നിയമമുണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമല്ലെന്നു സർക്കാർതന്നെ വിലയിരുത്തുന്നു.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കുന്നതിൽ വിജയിച്ചിട്ടില്ലെന്നും സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
2019ൽ സംസ്ഥാനത്തെ പൊതു സംവിധാനങ്ങള്‍ ഭിന്നശേഷി സഹൃദം ആക്കുന്നതിനുള്ള മാർഗനിര്‍ദ്ദേശങ്ങള്‍ നിഷ്കര്‍ഷിച്ചു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതു പ്രകാരം പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ ആക്സസബിള്‍ ഇന്ത്യ കാന്പയിൻ പദ്ധതിയുടെ ഫണ്ട് വിനിയോഗിച്ചും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുളള ബാരിയര്‍ ഫ്രീ കേരള പദ്ധതിയുടെ ഫണ്ട് വിനിയോഗിച്ചും വിവിധ സര്‍ക്കാര്‍ ഓഫീസുകളും പൊതുസംവിധാനങ്ങളും ഭിന്നശേഷി സഹൃദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
എന്നാല്‍ ഇതു സംസ്ഥാനത്ത് പൂര്‍ണമായ വിജയമാക്കാൻ സാധിച്ചിട്ടില്ല. വിജയമാകണമെങ്കിൽ എല്ലാ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും സംയുക്തമായ പങ്കാളിത്തം ആവശ്യമാണെന്നും ഇതുനടപ്പിലാക്കുന്നതിനു വകുപ്പുകൾ സ്വന്തം ഫണ്ട് വിനിയോഗിക്കണമെന്നും സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, അക്ഷയ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമ തിയറ്ററുകൾ, ബാങ്കുകൾ, പോലീസ് സ്റ്റേഷൻ, ഇതര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ എത്തുന്ന ഭിന്നശേഷിക്കാർ ദുരിതമനുഭവിക്കുകയാണ്. പലയിടങ്ങളിലും റാമ്പും ലിഫ്റ്റും മാത്രമാണ് ഭിന്നശേഷി സൗഹൃദം.
എല്ലാ പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് 2016ലെ ഭിന്നശേഷി അവകാശനിയമം നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ സ്വകാര്യസ്ഥാപനങ്ങളടക്കം ഭിന്നശേഷി സൗഹൃദമായിരിക്കണമെന്ന നിർദേശം പോലും കൃത്യമായി പാലിക്കപ്പെടുന്നില്ല.
റാംപ്, ലിഫ്റ്റ് തുടങ്ങിയവ ഇല്ലാത്ത നിലയിലാണ് സംസ്ഥാനത്തെ പല സർക്കാർ സ്ഥാപനങ്ങളും. പഴയ കെട്ടിടങ്ങളിൽ മാത്രമല്ല, പുതുതായി പണിയുന്ന കെട്ടിടങ്ങളിലും കെട്ടിട നവീകരണ സമയത്തും ഭിന്നശേഷിക്കാർക്കു സൗകര്യപ്രദമായ രൂപത്തിലല്ല ഇവ പണിയുന്നത്.
മിക്കയിടത്തും റാമ്പുകളുടെ നിർമാണത്തിൽ അപാകതയുണ്ടെന്നാണ് ആക്ഷേപം. ചിലയിടത്ത് റാമ്പുകൾക്ക് ചരിവ് കൂടുതലാണ്. ചിലയിടങ്ങളിൽ റാമ്പ് തുടങ്ങുന്നയിടത്ത് കട്ടിംഗുകളും മറ്റും ഉള്ളതിനാൽ സുഗമമായി റാമ്പ് ഉപയോഗിക്കാൻ കഴിയാറില്ല. ഭിന്നശേഷിക്കാർക്കായി പൊതു ശൗചാലയം ഒരിടത്തുമില്ല.
ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ വെല്ലുവിളി യാത്രാസൗകര്യങ്ങളാണ്. ബസുകളിൽ ഭിന്നശേഷിക്കാർക്ക് സീറ്റ് സംവരണമുണ്ട്. ബസുകളിലാകട്ടെ വീൽചെയർ കയറ്റാനുള്ള റാമ്പോ ബദൽ സംവിധാനങ്ങളോ ഇല്ല.