പെർഫോമൻസ് ഓഡിറ്റ് നിർത്തലാക്കരുത്: ചെന്നിത്തല
Monday, September 22, 2025 5:47 AM IST
തിരുവനന്തപുരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള പെർഫോർമൻസ് ഓഡിറ്റ് സംവിധാനം നിർത്തലാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ ആവശ്യപ്പെട്ടു. വരുന്ന 29ന് സഭയിൽ കൊണ്ടുവരുന്ന 2025ലെ കേരള മുനിസിപ്പാലിറ്റി പഞ്ചായത്ത് രാജ് ഭേദഗതി ബിൽ എന്നിവയിൽ ഇതിനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണ നിർവഹണം, സാന്പത്തിക വിനിയോഗം, ഘടകസ്ഥാപനങ്ങളുമായുള്ള ഏകോപനം, പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ എന്നിവ സംബന്ധിച്ച അഴിമതിയും കെടുകാര്യസ്ഥതയും യഥാസമയം കണ്ടെത്തി പരിഹരിക്കാനും ഉദ്യോഗസ്ഥ വീഴ്ച റിപ്പോർട്ട് ചെയ്യാനും പെർഫോമൻസ് ഓഡിറ്റിലൂടെ ഒരു പരിധിവരെ കഴിയുമായിരുന്നു. സർക്കാർ പുതിയ നീക്കത്തിൽനിന്നു പിന്മാറണം- ചെന്നിത്തല ആവശ്യപ്പെട്ടു.