ഷൈനിനെതിരായ സൈബര്‍ ആക്രമണം:സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍
Monday, September 22, 2025 5:47 AM IST
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ അന്വേഷണപരിധിയില്‍ വരുന്ന സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടി അന്വേഷണസംഘം മെറ്റയ്ക്ക് വീണ്ടും കത്ത് നല്കി. നൂറിലധികം സമൂഹമാധ്യമ അക്കൗണ്ടുകളാണ് നിലവില്‍ പോലീസ് പരിശോധിക്കുന്നത്.
അതിനിടെ, കെ.എം. ഷാജഹാനെയടക്കം ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുകയാണ്. ഷൈനിനു പുറമെ നാല് എംഎല്‍എമാരും ഷാജഹാനെതിരേ പരാതി നല്‍കിയതോടെ കേസില്‍ വൈകാതെ അറസ്റ്റുണ്ടായേക്കും. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച പരാതിയില്‍ മുനമ്പം ഡിവൈഎസ്പിക്ക് മൊഴി നല്‍കിയിരുന്നു.
കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഒളിവിലാണ്. സിപിഎം എംഎല്‍എമാരായ പി.വി. ശ്രീനിജന്, കെ.ജെ. മാക്സി, ആന്റണി ജോണ്‍ എന്നിവരാണ് യുട്യൂബര്‍ കെ.എം. ഷാജഹാനെതിരേ പരാതി നല്കിയ മറ്റ് എംഎല്‍എമാര്‍. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
കെ.ജെ. ഷൈനിനെതിരായ ആരോപണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്തേക്കും. എറണാകുളം റൂറല്‍ സൈബര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിയുടെ ഭാര്യയും പരാതി നൽകി
പറവൂര്‍: കെ.ജെ. ഷൈന്‍ നല്കിയ സൈബര്‍ ആക്രമണ പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ട സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യ ഷേര്‍ളിയും സഹോദരന്റെ മകളും തങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണം നടക്കുന്നതായി ആലുവ റൂറല്‍ എസ്പിക്കും സൈബര്‍ പോലീസിനും മുനമ്പം ഡിവൈഎസ്പിക്കും പരാതി നല്കി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് കുടുംബത്തിനു നേരെ സൈബര്‍ ആക്രമണമെന്നാണ് പരാതി.