നോര്‍ക്ക കെയര്‍ ഇൻഷ്വറൻസ് പദ്ധതി ഉദ്ഘാടനം ഇന്ന്
Monday, September 22, 2025 5:47 AM IST
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹയാത്ത് റീജൻസി ഹോട്ടലിൽ നിർവഹിക്കും.
ഇന്ന് മുതല്‍ ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന് ഡ്രൈവിനും ഔദ്യോഗികമായി തുടക്കമാകും. ഇന്നു വൈകുന്നേരം 6.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.
നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും ചടങ്ങില്‍ പ്രകാശനം ചെയ്യും. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ-കാര്‍ഡ് ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ. പി. ശ്രീരാമകൃഷ്ണന് കൈമാറും.
അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി കാഷ്ലെസ് ചികിത്സയാണ് ഉറപ്പുനൽകുന്നത്. നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികള്‍ക്ക് പദ്ധതിയിൽ അംഗമാകാം.