ഇന്ന് സൂചനാ ധര്‍ണ; മെഡിക്കല്‍ കോളജ് അധ്യാപകര്‍ സമരത്തിലേക്ക്
Monday, September 22, 2025 5:47 AM IST
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ സമരരംഗത്തേക്ക്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അധ്യാപക തസ്തികക-ശമ്പള പരിഷ്കരണ അപാകതകൾ എന്നീ കാര്യങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു മുന്നിലും ഡിഎംഇ ഓഫീസിനു മുന്നിലും കരിദിനം ആചരിക്കുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) ഭാരവാഹികള്‍ അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അധ്യാപനം, ഒപി സേവനങ്ങള്‍ തുടങ്ങിയവ നിര്‍ത്തി ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങും.
എന്‍എംസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കാസര്‍ഗോട്, വയനാട്, ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളില്‍ ആവശ്യ ത്തിന് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, എല്ലാ മെഡിക്കല്‍ കോളജുകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ചു കൂടുതല്‍ തസ്തിക അനുവദിക്കുക, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക, എന്‍ട്രി കേഡറിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസനാരാ ബീഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ അറിയിച്ചു.