മഹാനടന് അഭിനന്ദനപ്രവാഹം; എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ
Monday, September 22, 2025 5:47 AM IST
കൊച്ചി: ‘വിദൂര സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന ഒന്നാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് പുരസ്കാരം ലഭിച്ച വിവരം പങ്കുവച്ചുള്ള ഫോൺകോൾ വന്നപ്പോൾ കുറച്ചു നേരത്തേക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല’. ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേട്ടത്തിനുശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് നടൻ മോഹൻലാലിന്റെ വാക്കുകൾ.
ജൂറിക്കും സർക്കാരിനും നന്ദി. സിനിമയിൽ എന്നോടൊപ്പം പ്രവർത്തിച്ചവർ, ഇപ്പോൾ പ്രവർത്തിക്കുന്നവർ, ഇനി പ്രവത്തിക്കാൻ പോകുന്നവർ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു.
സിനിമാജീവിതത്തിലെ ഏറ്റവും വലിയ അവാർഡ്എന്നെ ഞാനാക്കി മാറ്റിയ മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. 48 വർഷത്തെ സിനിമാ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡാണിത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് പുരസ്കാരനേട്ടം അറിയിച്ച് വിളി എത്തിയത്.
ഞാൻ ഷൂട്ടിലായിരുന്നു.
നമ്മുടെ അനുമതി കിട്ടിയാലേ അവർക്ക് പുരസ്കാരം പ്രഖ്യാപിക്കാൻ പറ്റുകയുള്ളൂ. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണല്ലോ ഇത്. അങ്ങനെയൊന്ന് സംഭവിക്കുമ്പോഴുണ്ടാകുന്ന നിമിഷം എന്നത്, ഇതെല്ലാം സത്യമാണോ എന്ന് ചിന്തിച്ച് പോകുന്ന നിമിഷമാണ്. ആദ്യത്തെ ദേശീയ പുരസ്കാരം ലഭിച്ച വിവരം വിളിച്ച് പറഞ്ഞപ്പോഴും രണ്ടാമതൊന്ന് കൂടി പറയാനാണ് ഞാൻ ആവശ്യപ്പെട്ടത്. പരമോന്നത ബഹുമതി എന്ന് ഇതിനെ പറയുമ്പോഴും ഞാൻ അങ്ങനെ കാണുന്നില്ല, ഇതെല്ലാവരുമായി പങ്കുവയ്ക്കാൻ, മലയാളത്തിന്റെ നേട്ടമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
നല്ല സിനിമ ചെയ്യണം; മറ്റൊരു ജോലി അറിയില്ല
ഈ നേട്ടം ഞാൻ തനിച്ചല്ല നേടിയെടുത്തത് നിങ്ങളോരോരുത്തരും എനിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം നടന്മാരിൽ ഒരാളാണ് ഞാൻ. ഗുരുകാരണവന്മാരുടെ അനുഗ്രഹവും എനിക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രത്യേക റോളിനായി ആഗ്രഹങ്ങളില്ല. നല്ല സിനിമകൾ ചെയ്യണം.
ഈ ജോലിയല്ലാതെ എനിക്കു മറ്റൊരു ജോലി അറിയില്ല. നല്ല സിനിമകൾ ഉണ്ടാകണം. അതിനായുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാകാൻ തയാറാണ്. അതാണ് സ്വപ്നം.
സംവിധായകൻ ആകുമോ?
വീണ്ടും സംവിധായകനാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ചോദിച്ചാല്‍ ഒന്നും പറയാനില്ല. ബറോസ് വ്യത്യസ്തമായൊരു ചിന്തയായിരുന്നു. ആരും ചെയ്യാത്തൊരു കാര്യം. അത്തരത്തില്‍ എന്തെങ്കിലും ആശ്യമില്ലാത്ത ചിന്തവന്നാല്‍ ഞാന്‍ ചെയ്യാം. സിനിമ ഒരു മാജിക് ആണ്. രണ്ട് സിനിമകള്‍ വിജയിച്ചാല്‍ ഉയരങ്ങളിലേക്കു പോകും. ഒരു സിനിമ മോശമായാല്‍ വീണ്ടും താഴേക്കു വരും.
സ്വപ്നം നല്ല സിനിമകൾ
തുടരും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായി മാറി. ഇനി വരാന്‍ ഇരിക്കുന്നതെല്ലാം മഹത്തരമായത് എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എനിക്ക് കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും. ആ ശ്രമം വിജയിച്ചാല്‍ നിങ്ങള്‍ സ്വീകരിക്കും. നല്ല സിനിമകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കും. അത് എനിക്ക് മാത്രമല്ല. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാവണം. മലയാള സിനിമയുടെ ചക്രം തിരിയണമെങ്കില്‍ നല്ല സിനിമകള്‍ ഉണ്ടാകണം.
അമിതാഭ് ബച്ചൻ
"ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ.
ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾകൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ’.
മമ്മൂട്ടി
‘ഒരു സഹപ്രവര്ത്തകന് എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന് എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. സിനിമ ജീവശ്വാസമാക്കിയ ഒരു യാഥാര്‍ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്’.
മഞ്ജു വാര്യർ
"നമ്മളെ അത്രയും ചേർത്ത് നിർത്തി പറയുന്ന വളരെ കുറച്ചു പേരുകളിൽ ഒന്നാണ് ലാലേട്ടന്റേത്. ലാലേട്ടന് ഈ അംഗീകാരം അർഹതപ്പെട്ടതാണെന്ന് പറയാനുള്ള ഒരിതു പോലും എനിക്കില്ല. നമുക്ക് എല്ലാവർക്കുമറിയാം, നമ്മുടെ സ്വന്തമാണ് ലാലേട്ടൻ. ലാലേട്ടന് ഇത്രയും വലിയൊരു അംഗീകാരം രാജ്യം സമ്മാനിച്ചതിൽ സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ ഞാനും അങ്ങേയറ്റം ആത്മാർഥമായി സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'.- മഞ്ജു വാര്യർ പറഞ്ഞു.
വിസ്മയ മോഹൻലാൽ
"അഭിനന്ദനങ്ങൾ അച്ഛാ... അതുല്യനായ ഒരു കലാകാരൻ എന്ന നിലയിലും അതുല്യനായ മനുഷ്യൻ എന്ന നിലയിലും അച്ഛനെ ഓർത്ത് എന്നും അഭിമാനം’.
ഉര്‍വശി
"ഈ നൂറ്റാണ്ടില്‍ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ സന്തോഷകരമായ വാര്‍ത്തയാണ്. പുരസ്കാരം വൈകിയെത്തിയെന്ന് താന്‍ പറയില്ല, ഇനിയുമേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു’.
ഹരീഷ് പേരടി
"അഭിപ്രായങ്ങൾ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവർ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്... പക്ഷെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേർത്തു നിർത്തിയ ഒരു മനുഷ്യനെ ഞാൻ എന്റെ 56 കൊല്ലത്തെ ജീവിതത്തിൽ കണ്ടിട്ടേയില്ല ...
ഇതിൽ സുചി ചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോ തന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്നേഹവും.. ചെന്നൈയിലെ മലൈകോട്ടെ വാലിബന്റെ സെറ്റിൽ ഒരു രാത്രിയിൽ ഞാൻ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാൻ നിന്നപ്പോൾ ദൂരെ മറ്റാരോടോ സംസാരിച്ചു നിൽക്കുകയായിരുന്ന സുചി ചേച്ചിയെ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക്. നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്...ഏട്ടനെ ആഗ്രഹിച്ചവന് ഏടത്തിയമ്മയെ കൂടി കിട്ടുമ്പോൾ ഇതിലും വലിയ സ്നേഹം മറ്റെന്താണ്... ലാലേട്ടന് ലഭിച്ച ഈ രാജ്യത്തിന്റെ പരമോന്നത ബഹുമതി എനിക്ക് എന്റെ വീട്ടിലേക്ക് വന്നതു പോലെയാണ്..’