ഇടയശ്രേഷ്ഠനു പൂരനഗരിയുടെ പ്രണാമം
സെബി മാളിയേക്കല്‍
Monday, September 22, 2025 5:47 AM IST
തൃശൂര്‍: പുഞ്ചിരി തൂകി ആത്മീയപ്രഭ ചൊരിഞ്ഞ് രണ്ടര പതിറ്റാണ്ടിലധികം നടന്നുനീങ്ങിയ സാംസ്കാരികനഗരിയിലൂടെ സ്ഥാനികവസ്ത്രങ്ങളണിഞ്ഞ് നിശ്ചലനായി മാര്‍ തൂങ്കുഴിയെത്തി.
കൊടുംചൂടിലും മഴമേഘങ്ങള്‍ ഉരുണ്ടുകൂടിയതോടെ അല്പം ആശങ്കയുണര്ന്നെങ്കിലും മാര്‍ തൂങ്കുഴിയെന്ന സൗമ്യസാന്നിധ്യംപോലെ ഒരു കുളിര്‍തെന്നല്‍ ഒഴുകിയെത്തി. അക്ഷരാര്‍ഥത്തില്‍ ദുഃഖവെള്ളിയുടെ നഗരികാണിക്കല്‍ ഘോഷയാത്രയ്ക്കു സമാനമായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര.
തങ്ങളുടെ പുണ്യപിതാവിനെ അവസാനമായി ഒരുനോക്കുകാണാനും സ്നേഹാദരവ് നിറഞ്ഞ യാത്രയയപ്പ് നല്‍കാനും പതിനായിരങ്ങളാണ് തൃശൂര്‍ പുത്തന്‍പള്ളിയെന്ന ഡോളേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത്.
സംസ്കാരശുശ്രൂഷയുടെ ആദ്യഘട്ടം രാവിലെ അതിരൂപതാമന്ദിരത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ചു. തുടര്‍ന്ന് പുത്തന്പള്ളിയിലെത്തിച്ച ഭൗതികദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ, സംഘടന ഭാരവാഹികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ഉച്ചകഴിഞ്ഞതോടെ ഡോളേഴ്സ് ബസിലിക്ക അങ്കണം ജനനിബിഡമായി. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നടത്തിയ പ്രാര്ഥനാശുശ്രൂഷയോടെയാണ് പുത്തന്‍പള്ളിയിലെ പൊതുദര്‍ശനം സമാപിച്ചത്.
തുടര്‍ന്ന് സ്വരാജ് റൗണ്ട് ചുറ്റിയുള്ള വിലാപയാത്ര ആരംഭിച്ചു. ആദ്യം സ്ലീവാകുരിശ്, തിരിക്കാലുകള്‍, പൊന്‍- വെള്ളി കുരിശുകള്‍, വെള്ള ഓപ്പയും കറുത്ത മോറിസും ധരിച്ച അഞ്ഞൂറോളം വരുന്ന ദര്ശനസഭാംഗങ്ങള്, ലീജിയന് ഓഫ് മേരി അംഗങ്ങള്‍ എന്നിവർ നിരന്നു. തുടര്‍ന്നാണ് പതിനായിരക്കണക്കിനു വിശ്വാസികള്‍ അണിചേര്‍ന്നത്. ശേഷം നൂറുകണക്കിനു സിസ്റ്റേഴ്സ്, വൈദികര്‍, വൈദിക വിദ്യാര്‍ഥികള്‍, മാർ തൂങ്കുഴി സ്ഥാപിച്ച ക്രിസ്തുദാസി സന്യാസിനീസമൂഹത്തിലെ സിസ്റ്റേഴ്സ്, മാർ തൂങ്കുഴിയുടെ ബന്ധുക്കള്‍ എന്നിവര്‍.
മൂന്നുവശവും കാണാവുന്ന ശീതീകരിച്ച പുഷ്പാലംകൃത വാഹനത്തിലായിരുന്നു ഭൗതികദേഹം അടങ്ങിയ മഞ്ചം കിടത്തിയിരുന്നത്. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സന് കൂനംപ്ലാക്കലും പിതാവിനെ ശുശ്രൂഷിച്ചിരുന്ന സിസ്റ്റര്‍ ജെസി ഡൊമിനിക്കും ഇരുവശങ്ങളിലുമായി ഇരുന്നു.
ഭൗതികദേഹം വഹിച്ച വാഹനത്തിനു പിന്നിലായി അള്ത്താരബാലന്മാര് മണിമുഴക്കുകയും ധൂപാര്‍പ്പണം നടത്തുകയും ചെയ്തു. പിന്നിലായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഷംഷാബാദ് ആര്‍ച്ച്ബിഷപ് പ്രിന്‍സ് ആന്റണി പാണേങ്ങാടന്, തൃശൂര്‍ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ അനുധാവനം ചെയ്തു.
വിലാപയാത്ര ലൂര്‍ദ് കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നതോടെ നടന്ന ഒപ്പീസിന് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന് നേതൃത്വംനല്കി. തുടര്‍ന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ സന്ദേശം നല്കി.
ബിഷപ്പുമാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് ആദരാഞ്ജലിയര്‍പ്പിച്ചു.
ലളിത ജീവിതശൈലിയുടെ ആൾരൂപം: മാർ പോളി കണ്ണൂക്കാടൻ
തൃശൂർ: ലളിത ജീവിതശൈലി കൈമുതലാക്കിയ വ്യക്തിയായിരുന്നു കാലംചെയ്ത ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ. വിലാപയാത്രയ്ക്കുശേഷം ലൂർദ് കത്തീഡ്രലിൽ നടന്ന ദിവ്യബലിക്കിടെ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശാന്തമായ സംസാരം, ഹൃദ്യമായ ഇടപെടൽ, സൗമ്യമായ പെരുമാറ്റം ഇതായിരുന്നു തൂങ്കുഴി പിതാവിന്റെ മുഖമുദ്ര.
ആർച്ച്ബിഷപ് സ്ഥാനത്തുനിന്നു വിരമിക്കുന്പോൾ തനിക്കിനി മോശയുടെ റോളാണെന്നു വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞ തൂങ്കുഴി പിതാവ് 18 വർഷം രൂപതയ്ക്കായി കൈവിരിച്ചു പ്രാർഥിച്ചു.
അതിവേഗം വാഹനം ഓടിക്കുന്ന തൂങ്കുഴി പിതാവ് അതിനേക്കാൾ അതിവേഗം അജപാലന ശുശ്രൂഷ ചെയ്യുന്ന പിതാവു കൂടിയാണെന്ന് കർദിനാൾ മാർ വർക്കി വിതയത്തിൽ പലപ്പോഴും പറയുമായിരുന്നെന്നും മാർ കണ്ണൂക്കാടൻ പ്രസംഗത്തിൽ അനുസ്മരിച്ചു.
കോഴിക്കോടിന്റെ മണ്ണില്‍ ഇന്ന് അന്ത്യവിശ്രമം
കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണില്‍ ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇന്ന് അന്ത്യവിശ്രമം. തൃശൂരില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര വൈകുന്നേരം നാലോടെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിലെത്തും. അവിടെ ഭൗതികദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്ന് വൈകുന്നേരം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ ജനറലേറ്റായ ഹോം ഓഫ് ലവില്‍ ഭൗതികശരീരം എത്തിക്കും. അവിടെ വച്ച് മൃതസംസ്കാര ശുശ്രൂഷയുടെ സമാപനകര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് എസ്കെഡി ജനറലേറ്റ് കപ്പേളയില്‍ ഭൗതികശരീരം അടക്കം ചെയ്യും.
മാര്‍ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദര സൂചകമായി ഇന്ന് താമരശേരി രൂപതയിലെ എല്ലാ സ്കൂളുകള്‍ക്കും മറ്റുസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായും പിതാവിനുവേണ്ടി ഇന്ന് ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാനയും ഒപ്പീസും ചൊല്ലേണ്ടതാണെന്നും താമരശേരി രൂപത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംസ്കാര ശുശ്രൂഷകളില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തത്സമയ സംപ്രേഷണത്തിന്റെ ഓണ്‍ ലൈന്‍ ലിങ്ക് ഇടവക ഗ്രൂപ്പുകളില്‍ ലഭ്യമാക്കും.
സാധിക്കുന്നവരെല്ലാം ദേവഗിരി പള്ളിയിലെ പൊതുദര്ശനത്തില് പങ്കെടുക്കണം. സ്ഥലപരിമിതിമൂലം വളരെ കുറച്ചു പേര്‍ക്കു മാത്രമേ കോട്ടൂളിയിലെ ക്രിസ്തുദാസി ജനറലേറ്റില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷയുടെ സമാപന പ്രാര്‍ഥനകളില്‍ പങ്കുചേരാന്‍ സാധിക്കുകയുള്ളൂ വെന്നും രൂപതാധികൃതര്‍ അറിയിച്ചു.