നിർമാണപ്രവൃത്തിക്കിടെ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞു
Monday, September 22, 2025 5:47 AM IST
മുരിങ്ങൂർ: കോട്ടമുറിക്കും മുരിങ്ങൂർ ജംഗ്ഷനും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിനു മുന്നിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണപ്രവൃത്തിക്കായി എടുത്ത കുഴിയോടുചേർന്ന സർവീസ് റോഡ് ഇടിഞ്ഞു.
അടിപ്പാത നിർമാണത്തെത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന എറണാകുളം ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് ഇന്നലെ രാവിലെ ഏഴുമണിയോടെ മുപ്പതടിയോളം നീളത്തിൽ മണ്ണ് ഇടിഞ്ഞുപോയത്. അടിപ്പാതയ്ക്കും അപ്രോച്ച് റോഡിനും ഇടയിലുള്ള ഭാഗം മണ്ണിട്ടുനികത്തുന്നതിനു മുന്നോടിയായുള്ള പണികളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
കോണ്ക്രീറ്റ് മതിൽ സ്ഥാപിക്കുന്നതിനായി 400 മീറ്റർ നീളത്തിൽ പത്തടിയോളം താഴ്ചയിലെടുത്ത കുഴിയിൽ ഇന്നലെ വെളുപ്പിനു പെയ്ത മഴയെത്തുടർന്ന് വെള്ളം കെട്ടിയതിനാലാകാം സർവീസ് റോഡ് കുഴിയിലേക്ക് ഇടിഞ്ഞുതാഴാൻ കാരണമായതെന്നു കരുതുന്നു. മണ്ണിലെ ഈർപ്പവും സർവീസ് റോഡിലൂടെ തുടർച്ചയായി ഭാരവാഹനങ്ങൾ കടന്നുപോകുന്നതും മണ്ണിടിച്ചിലിന് ആക്കംകൂട്ടി. രാത്രിയിൽ സർവീസ് റോഡരിക് ഇടിഞ്ഞ ഉടൻ കൊരട്ടി പോലീസും ഹൈവേ പോലീസും ഇവിടെ ബാരിക്കേഡുകൾ നിരത്തി ഗതാഗതം നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. റോഡ് ഇടിയാതിരിക്കാൻ മണ്ണിടിഞ്ഞഭാഗം ജെസിബി ഉപയോഗിച്ചു നികത്തിയിട്ടുണ്ട്.