മെഡിസെപ്പ്: നിരസിച്ചത് 87.85 കോടിയുടെ ക്ലെയിമുകൾ
സ്വന്തം ലേഖകൻ
Monday, September 22, 2025 5:47 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിരസിച്ചത് 87.85 കോടി രൂപയുടെ ഇൻഷ്വറൻസ് ക്ലെയിം.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നു വരെയുള്ള കണക്കാണിത്. മെഡിസെപ്പ് ഒന്നാംഘട്ടത്തിൽ ഓഗസ്റ്റ് ഒന്നുവരെ 1,16,041 പേരുടെ ക്ലെയിമുകളാണ് ഇൻഷ്വറൻസ് കന്പനി നിരസിച്ചതെന്നും വ്യക്തമാകുന്നു. മെഡിസെപ്പിൽ ആശുപത്രികളിൽ ചികിത്സയ്ക്കു ചെലവായ ബില്ലിന് ആനുപാതികമായ മുഴുവൻ തുകയും നൽകാറില്ലെന്ന പരാതിയാണ് ജീവനക്കാർ പ്രധാനമായി ഉന്നയിക്കുന്നത്. പലയിടത്തും ആശുപത്രി ബില്ലിന്റെ പകുതി തുക മാത്രമാണ് അനുവദിക്കുന്നതെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു.
മെഡിസെപ്പ് ഒന്നാംഘട്ട പദ്ധതിയിൽ ഇൻഷ്വറൻസ് കന്പനിക്ക് 2134.24 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. മുൻകൂർ തുകയായാണ് പണം അനുവദിക്കുന്നത്. ഓഗസ്റ്റ് ഒന്നുവരെയുള്ള കണക്ക് അനുസരിച്ച് 1964.74 കോടിയുടെ ക്ലെയിമുകൾ നൽകിയെന്നും നിയമസഭയിൽ നൽകിയ കണക്കുകളിൽ വ്യക്തമാക്കുന്നു.
മെഡിസെപിലെ നിലവിലെ പാക്കേജുകൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനും നൂതന പാക്കേജുകൾ ഉൾപ്പെടുത്തുന്നതിനുമായി ഡോ. ശ്രീറാം വെങ്കിട്ടരാമൻ ചെയർമാനായ മെഡിക്കൽ എക്സ്പേർട്ട് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടു രണ്ടാംഘട്ടം ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് പ്രീമിയം തുക പ്രതിമാസം 750 രൂപയാക്കി ഉയർത്തും. നിലവിൽ 500 രൂപയായിരുന്നു പ്രീമിയം തുക.
അഞ്ചു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജാകും ലഭിക്കുക. കൂടുതൽ ആശുപത്രികളെ എം പാനൽ ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ കുറച്ച് ആശുപത്രികളിൽ നിന്നുള്ള സേവനം മാത്രമായിരുന്നു ലഭിച്ചിരുന്നതെന്ന പരാതിയുമുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ മാത്രമേ പ്രതിമാസ പ്രീമിയം വിഹിതത്തിലെ അന്തിമ തുക നിശ്ചയിക്കാൻ കഴിയുകയുള്ളൂ.