തിരിച്ചെത്തി ശബരിമലയിലെ സ്വര്‍ണപ്പാളികള്‍
Monday, September 22, 2025 5:47 AM IST
പത്തനംതിട്ട: വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിച്ചു. കേടുപാടുകളെ തുടര്‍ന്ന് വീണ്ടും സ്വര്‍ണം പൂശിയാണ് എത്തിച്ചത്.
കോടതി അനുമതി വാങ്ങി ശില്പങ്ങളില് പിന്നീട് സ്ഥാപിക്കും. ഓണക്കാല പൂജ കഴിഞ്ഞ് നടയടച്ച കഴിഞ്ഞ ഏഴിനാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പു പാളികള്‍ സ്പോണ്‍സറുടെ നിര്‍ദേശപ്രകാരം ചെന്നൈയിലേക്ക് കൊണ്ടുപോയത്. തന്നെയോ കോടതിയെയോ അറിയിക്കാതെയാണ് നടപടിയെന്നു കാട്ടി സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
പഴയ സ്വര്‍ണം പൂര്‍ണമായും ഉരുക്കി വീണ്ടും സ്വര്‍ണം പൂശിയാണ് പണിതീര്‍ത്തതെന്ന് പറയുന്നു. നിലവില്‍ സന്നിധാനത്തെ ദേവസ്വം സ്ട്രോംഗ് റൂമിലാണ് സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ ഉള്ളത്. ഇനി തന്ത്രിയുടെയും കോടതിയുടെയും അനുമതി വാങ്ങിയ ശേഷമാകും പുനഃസ്ഥാപിക്കല്‍. തുലാമാസ പൂജയ്ക്കായി ഒക്ടോബര്‍ 16ന് വീണ്ടും നട തുറക്കും.
ആ സമയത്താകും പുനഃസ്ഥാപിക്കല്‍. ദ്വാരപാലക ശില്പങ്ങള്ക്കായി താന്‍ സമര്‍പ്പിച്ച രണ്ട് സ്വര്‍ണപീഠങ്ങള്‍ കാണാനില്ലെന്ന് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി ആരോപിച്ചിരുന്നു. ഇത് ദേവസ്വം വിജിലന്‍സ് എസ്പിയും തിരുവാഭരണ കമ്മീഷണറും ചേര്‍ന്ന് അന്വേഷിക്കും. 2019ല്‍ സ്വര്‍ണപ്പാളി സ്ഥാപിച്ചതിലും ഇതിന്റെ തൂക്കം കുറഞ്ഞതിലും അടക്കം സംശയങ്ങള്‍ ഉന്നയിച്ച ഹൈക്കോടതി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്