എകെജി സെന്റർ ഭൂമി കൈയേറ്റം: കേരള സർവകലാശാല മറുപടി നൽകിയില്ല
Monday, September 22, 2025 5:47 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയുടെ 40 സെന്റ് ഭൂമി എകെജി സെന്റർ അനധികൃതമായി കൈവശം വച്ചെന്ന പരാതിയിൽ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി രണ്ടുമാസം പിന്നിട്ടിട്ടും മറുപടി നൽകാൻ വിസി തയാറാകുന്നില്ലെന്നു പരാതി. സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഗവർണർ സർവകലാശാലയോടു ഭൂമിയുടെ വിവരങ്ങൾ തേടിയത്.
കേരള സർവകലാശാല ഭൂമി എകെജി സെന്ററിന് വിട്ടുകൊടുത്തത് സംബന്ധിച്ച ഫയലുകൾ സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ വിസി ഡോ.മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദേശം നൽകിയെങ്കിലും ഭൂമി കൈമാറ്റം ചെയ്തതു സംബന്ധിച്ച യാതൊരു രേഖകളും സർവകലാശാലയിൽ ലഭ്യമല്ലെന്ന മറുപടി ലഭിച്ചതായാണു സൂചന.
1988ൽ നായനാർ സർക്കാരിന്റെ കാലത്ത് സർവകലാശാലയുടെ നിലവിലുള്ള കെട്ടിടങ്ങളോടു ചേർത്ത് കരിങ്കൽ ഭിത്തി കെട്ടി ഭൂമി വേർതിരിക്കുകയായിരുന്നു. സർവേ ഡയറക്ടറേറ്റ് രേഖകളിൽ 55 സെന്റ് ഭൂമിയാണ് നിലവിൽ എകെജി സെന്ററിന്റെ കൈവശമുള്ളത്. ഭൂമി കൈമാറിയത് സംബന്ധിച്ച രേഖകളൊന്നും സർവകലാശാലയിൽ ലഭ്യമല്ലെന്ന വിശദീകരണം ഗവർണർക്ക് നൽകുമെന്നാണ് അറിയുന്നത്.
എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് 15 സെന്റ് ഭൂമി അനുവദിച്ചു നൽകിയ രേഖകൾ സർക്കാരിൽ കാണാനില്ലാതായതിനു പിന്നാലെയാണ് ഭൂമി വിട്ടുനൽകിയ രേഖകൾ കേരള സർവകലാശാലയിൽ നിന്ന് അപ്രത്യക്ഷമായത്.
നിലവിലെ ചട്ടപ്രകാരം 10 ലക്ഷം രൂപ പ്രതിവർഷ കെട്ടിട ടാക്സ് ആയി കോർപറേഷൻ കണക്കാക്കിയിട്ടുണ്ടെങ്കിലും എകെജി സെന്ററിനെ ഗവേഷണ കേന്ദ്രമെന്ന നിലയിൽ ടാക്സ് ഈടാക്കുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയതായി വിവരാവകാശ രേഖയിലൂടെ തിരുവനന്തപുരം കോർപറേഷൻ വെളിപ്പെടുത്തി.