കൗണ്‍സിലർ അനിലിന്റെ ആത്മഹത്യ: സമരം പ്രഖ്യാപിച്ച് സിപിഎമ്മും ബിജെപിയും
സ്വന്തം ലേഖകൻ
Monday, September 22, 2025 5:47 AM IST
തിരുവനന്തപുരം: കോർപറേഷൻ കൗണ്‍സിലർ തിരുമല അനിലിന്റെ ആത്മഹത്യയെച്ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നു. പോലീസിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തിൽ ബിജെപി ഉറച്ചുനിൽക്കുകയാണ്.
ആത്മഹത്യയുമായി ബന്ധപ്പെട്ടു സിപിഎമ്മിനെയും പോലീസിനെയും പഴിചാരി രക്ഷപ്പെടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരോപിച്ചു. ബിജെപി നേതാക്കൾ കടമെടുത്തു ചതിച്ചതിന്റെ ഭാഗമായിട്ടാണ് അനിലിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും സിപിഎം നേതൃത്വം പറഞ്ഞു.
എന്നാൽ അനിൽകുമാറിനെതിരേ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്പാനൂർ പോലീസ് പറയുന്നു. അനിൽകുമാർ പ്രസിഡന്റായിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ സാന്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ.
തന്റെ മരണാനന്തര ചടങ്ങിനായി 10,000 രൂപ അനിൽകുമാർ മാറ്റിവച്ചിരുന്നു. ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്ത് കവറിലായിരുന്നു പണം വച്ചിരുന്നത്. ആറുകോടിയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്. ആരും സഹായിക്കില്ലെന്നും താൻ തനിച്ചായെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.
നിക്ഷേപകരോട് പാർട്ടി നേതാക്കൾ തന്നെ നേരിട്ടുകണ്ടു സാവകാശം തേടിയിരുന്നതാണെന്നും ബിജെപി നേതൃത്വം പറയുന്നു. സിപിഎം മുട്ടത്തറ വാർഡ് കൗണ്‍സിലർ അഴിമതിയിൽ കുരുങ്ങിയപ്പോൾ പോലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ നോക്കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു. പണം എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നേതാക്കൾ ആരോപിച്ചു. അതേസമയം ബിജെപിയുടെ നേതൃത്വത്തിൽ ഇന്നു പോലീസ് സ്റ്റേഷൻ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫാം ഫെഡ് തട്ടിപ്പിൽ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കളുടെ പങ്ക് അടക്കം വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് സിപിഎം ആവശ്യപ്പെടുന്നത്. ഇന്ന് കോർപറേഷൻ പരിധിയിലെ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നു ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ അറിയിച്ചു.