"നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു
Tuesday, September 23, 2025 2:03 AM IST
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച് നാടിന്റെ പുരോഗത്തിക്കായി വലിയ സംഭാവന നല്കുന്നവരാണ് പ്രവാസി സമൂഹമെന്നും അവരുടെ കഠിനാധ്വാനവും ത്യാഗവും നാടിന്റെ വികസനത്തിന് വലിയ സഹായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രവാസികളെ ചേർത്തുപിടിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്കായുള്ള "നോർക്ക കെയർ’ ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. ഒട്ടേറെ ഇൻഷ്വറൻസ് പദ്ധികളുമായി താരതമ്യം ചെയ്യുന്പോൾ പ്രീമിയം നിരക്കിന്റെ കുറവ് ഈ പദ്ധതിയുടെ ആകർഷണമാണ്.
മറ്റൊരു പ്രത്യേകത കേരളത്തിൽ 500 ൽ അധികം ആശുപത്രികളിൽ ഈ ഇൻഷ്വറൻസ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യം ഉറപ്പാക്കുന്നുവെന്നതാണ്. നിലവിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ഇൻഷ്വറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സ തേടാം. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർക്കയുടെ വിവിധ പ്രവർത്തനങ്ങളിലൂടെ ലോകത്തെ മലയാളികളെ ഒരുമിപ്പിച്ചുനിർത്തുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മലയാളികൾക്ക് ഒന്നിച്ചുചേരാനുള്ള വേദിയായി ലോക കേരള സഭ മാറി. നോർക്ക കെയർ മൊബൈൽ ആപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുള്ള ഇ-കാർഡ് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കൈമാറി.
നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോകകേരള സഭാ ഡയറക്ടർ അസിഫ് കെ. യൂസഫ്, നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ, എൻആർഐ(കെ) കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് (റിട്ട) സോഫി തോമസ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലിസ്, ന്യൂ ഇന്ത്യ അഷ്വറൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഗിരിജ സുബ്രഹ്മണ്യൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബാജു ജോർജ് , വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.