ഓരോ പ്രദേശത്തിന്റെയും വികസനം സംസ്ഥാനത്തിന്റെ ആകെ വികസനം: മുഖ്യമന്ത്രി
Tuesday, September 23, 2025 2:03 AM IST
തിരുവനന്തപുരം: കേരളത്തിലെ ഓരോ പ്രദേശത്തിന്റെയും വികസനം സംസ്ഥാനത്തിന്റെ ആകെ വികസനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വികസന സദസ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. നടപ്പിലാകില്ല എന്ന് വിധിയെഴുതിയ പലതും ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ കഴിഞ്ഞു. ആരോഗ്യ മേഖല രാജ്യത്തില്‍ ഒന്നാമതാണ് കേരളം. കാര്‍ഷിക, വ്യാവസായിക, ഐടി ഉള്‍പ്പെടെ സമഗ്രമേഖലകളിലും വികസനനേട്ടങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
അതിദാരിദ്ര്യം പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടായി. നവംബര്‍ 1ന് അതിദാരിദ്ര്യമുക്തമായുള്ള സംസ്ഥാനമായി ഔദ്യോഗിക പ്രഖ്യാപനം നടത്താനാകും. എല്ലാ മേഖലകളിലും കേരളം ഒന്നാമതാണ്. ഇനിയും മുന്നോട്ടു പോകുവാന്‍ നാട് ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസന കാര്യങ്ങളില്‍ രാഷ്്ട്രീയം മറന്ന് ഒന്നിക്കണം. വികസന സദസിലൂടെ കേരളം പുതിയ കാല്‍വയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുള്ള ഭാവി വികസനം നടപ്പാക്കും.
സര്‍ക്കാരിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ നേടാന്‍ കഴിഞ്ഞ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം എന്റെ നാട് എങ്ങനെ വികസിച്ചുവരണം എന്ന അഭിപ്രായങ്ങള്‍ ജനങ്ങളില്‍ നിന്നുംശേഖരിക്കും.
ഈ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ഭാവി വികസനത്തിന് അടിത്തറ പാകുന്ന വികസന പദ്ധതികള്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം നീളുന്ന വികസന സദസുകള്‍ കേരളത്തിലാകെ നടക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള ജനങ്ങള്‍ അവിടത്തെ ഭാവി വികസനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തും. വികസന സദസിലൂടെ സര്‍ക്കാറും ജനങ്ങളും തമ്മിലെ ഇഴയടുപ്പം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.