ദൈവമില്ലെന്ന് പറഞ്ഞവർ ഗീതാവചനങ്ങൾ ഉരുവിടുന്നു: കെ. അണ്ണാമലൈ
Tuesday, September 23, 2025 2:03 AM IST
പന്തളം: സനാതന ധർമത്തെ വേരോടെ പിഴുത് എറിയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ.
ശബരിമല കർമ സമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം ഇല്ലെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകൾ ഭഗവത് ഗീത വചനങ്ങൾ ഉരുവിടുകയാണ്. ഗണപതി മിത്ത് എന്ന് പറഞ്ഞവർ കേരളത്തിൽ ക്ലാസെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും പഴിച്ചവർ ഇത് ഏറ്റുപറയുന്ന കാലഘട്ടമാണിത്. ഭഗവത് ഗീത പ്രകാരം പിണറായി വിജയൻ നരകത്തിൽ പോകാൻ യോഗ്യതയുള്ളയാളാണെന്നും അണ്ണാമലൈ ആരോപിച്ചു.
സ്വാഗത സംഘം ചെയർമാനും പന്തളം കൊട്ടാരം മുൻ നിർവാഹക സംഘം സെക്രട്ടറിയുമായ പി.എൻ. നാരായണവർമ അധ്യക്ഷത വഹിച്ചു. തേജസ്വി സൂര്യ എംപി, ശാന്താനന്തമഹർഷി, ജെ. നന്ദകുമാർ, കുമ്മനം രാജശേഖരൻ, കെ.പി.ശശികല, വിജി തമ്പി, വൽസൻ തില്ലങ്കേരി,ആർ.വി. ബാബു, കെ.പി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന നേതാക്കളായ ബി. രാധാകൃഷ്ണ മേനോൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് വിഷയങ്ങളിൽ സെമിനാറും ചർച്ചകളും രാവിലെ പൂർത്തിയാക്കി തുടർന്ന് വൈകുന്നേരമായിരുന്നു ഉദ്ഘാടന സെക്ഷൻ.