ജിഎസ്ടി: ടയറിനും വില കുറഞ്ഞു
Tuesday, September 23, 2025 2:03 AM IST
റെജി ജോസഫ്
കോട്ടയം: ജിഎസ്ടി കുറഞ്ഞത് കാര്‍ ഓടിക്കുന്ന അച്ഛനെ മാത്രമല്ല സൈക്കിള്‍ ഓടിക്കുന്ന മക്കളെയും സന്തോഷിപ്പിക്കും. സൈക്കിളിനൊപ്പം സൈക്കിള്‍ ടയറിനും ട്യൂബിനും വില കുറയും.
സ്കൂൾ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന മായിക്കുന്ന റബറിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. ബൈക്കിലും സ്കൂട്ടറിലും പായുന്ന ചെറുപ്പക്കാര്‍ക്കും നേട്ടം. ബൈക്ക് വില മാത്രമല്ല ബൈക്കുകളുടെ ഇനമനുസരിച്ച് ടയറിന് 150-300 രൂപയുടെ കുറവുണ്ടാകും. മിക്ക ടയറുകള്‍ക്കും പഴയ നിരക്കില്‍നിന്ന് ശരാശരി 10-15 ശതമാനം വില കുറയുമെന്നു ചുരുക്കം.
ടയര്‍ വിലയില്‍ വലിപ്പമനുസരിച്ച് ശരാശരി 300 മുതല്‍ 2000 രൂപയുടെ വരെ കുറവാണുണ്ടാകുക. പാസഞ്ചര്‍ കാറുകളുടെ ടയറുകള്‍ക്ക് 300 രൂപയുടെ കുറവുണ്ടാകും. ബസ്, ട്രക്ക് റേഡിയല്‍ ടയറുകള്‍ക്ക് രണ്ടായിരം രൂപ കുറയും.
ട്രാക്ടര്‍ ടയറുകള്‍ക്കും ട്യൂബുകള്‍ക്കും 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് താഴ്ച. റീ ടയറിനുള്ള റബര്‍ വള്ളിക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ക്കും റബര്‍ ബാന്‍ഡിനും ഇതേ നിരക്കില്‍തന്നെ ജിഎസ്ടി അഞ്ചു ശതമാനമാക്കി. സൈക്കിള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ ടയറുകള്‍ക്കും ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.
ബസ്, ലോറി ടയറുകള്‍ക്ക് മുന്‍പ് ശരാശരി വില 25,000 രൂപ. ലഭിക്കുന്ന കുറവ് 2500 രൂപ. ഫോര്‍ച്യൂണര്‍, ജീപ്പ്, ഥാര്‍ ടയറുകള്‍ക്ക് മുന്‍വില 14,000 രൂപ. കുറയുന്നത് 1200-1400 രൂപ. സ്വിഫ്റ്റ്, ബോലേനോ ടൈപ്പ് ടയര്‍വില 4000 രൂപയില്‍നിന്ന് 3500-3600 രൂപയായി കുറയും.
മാരുതി 800, വാഗണാര്‍ ടയര്‍ വില 3000 നിരക്കില്‍നിന്ന് 2600-2700 നിരക്കിലെത്തും. ബൈക്ക് ടയറുകള്‍ക്ക് ശരാശരി 150-200 രൂപ കുറയും. ട്രാക്ടര്‍ ടയറുകളുടെ വില ആയിരം രൂപ മുതല്‍ മൂവായിരം രൂപ വരെ കുറയും.