കേരളത്തിൽ എസ്ഐആർ നീട്ടിവയ്ക്കണം
Tuesday, September 23, 2025 2:03 AM IST
തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം (എസ്ഐആർ) തദ്ദേശ തെരഞ്ഞെടുപ്പ് തീരുംവരെ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ആവശ്യം അറിയിച്ചത്.
കേരളത്തിൽ ഉടൻ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കേ നാലു മാസം വേണ്ടിവരുന്ന വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം സംബന്ധിച്ച് ബിജെപി ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയപാർട്ടികൾ ഭിന്നസ്വരം ഉയർത്തിയിരുന്നു.
കേരളത്തിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലാണ് വോട്ടർ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട ആദ്യനടപടികൾ ഇതിനു പിന്നാലെ തുടങ്ങിയത്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നതിനു ശേഷം 2002ലെയും 2025ലെയും വോട്ടർ പട്ടിക താരതമ്യം ചെയ്ത് ജില്ലാ കളക്ടറെ വിവരം അറിയിക്കാൻ ബിഎൽഒമാർക്ക് നിർദേശം നൽകുയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ്ഐആർ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.