നാസ സ്പേസ് ആപ്സ് ചലഞ്ചിന് വേദിയായി അമൽജ്യോതി
Tuesday, September 23, 2025 2:03 AM IST
കാഞ്ഞിരപ്പള്ളി: നാസ സ്പേസ് ആപ്പ്സ് ചലഞ്ചിന് വീണ്ടും ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അമൽജ്യോതി എൻജിനിയറിംഗ് കോളജ്. ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന ഹാക്കത്തൺ രാജ്യത്തെ മുഴുവൻ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും അവരവരുടെ ആശയങ്ങൾ ലോകവേദിയിൽ എത്തിക്കാനുള്ള ഏറ്റവും മികച്ച അവസരമായിരിക്കും.
2024ൽ അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന ഹാക്കത്തണിൽ രണ്ടായിരം വിദ്യാർഥികൾക്ക് പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും ഒരുലക്ഷത്തിലധികം സമ്മാനത്തുക നൽകുകയും മറ്റ് നിരവധി അവാർഡുകൾ നൽകുകയും ചെയ്തിരുന്നു. ഈ വർഷം അതിലും വളരെ വിപുലമായി കൂടുതൽ പങ്കാളിത്തത്തോടും ആവേശത്തോടും കൂടി നടത്താൻ ഒരുങ്ങുകയാണ് കോളജ്.
ലോകത്തിലെ ഏറ്റവും വലിയ ആഗോള ഹാക്കത്തൺ എന്നറിയപ്പെടുന്ന ഈ മത്സരത്തിൽ വെറുമൊരു സാങ്കേതിക വിദ്യാ പ്രദർശനം മാത്രമല്ല, സർഗാത്മകമായ സംഭാവനകൾ - കവിത, കഥ, ആർട്ട്, റാപ്പ് പെർഫോർമൻസ് അവതരണങ്ങൾ തുടങ്ങിയ പല രൂപങ്ങളും ഉൾപ്പെടുത്താവുന്നതാണ്. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കലയെയും ഒരുമിപ്പിച്ച് നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ആഹ്വാനമാണ് നാസ നൽകുന്നത്.
നാസയും 14 അന്താരാഷ്ട്ര സ്പേസ് ഏജൻസികളും ചേർന്ന് രൂപകൽപ്പന ചെയ്ത 19 ചലഞ്ചുകളാണ് ഇത്തവണ മത്സരാർഥികളെ കാത്തിരിക്കുന്നത്. ബഹിരാകാശ സാങ്കേതികവിദ്യ, ഭൂമിശാസ്ത്രം, കാലാവസ്ഥാ മാറ്റങ്ങൾ, സുസ്ഥിര വികസനം തുടങ്ങിയ നിർണായക മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ തേടുന്നവയാണ് ഇവ.
36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഹാക്കത്തണിൽ, ടീമുകൾക്ക് നാസയുടെ ഓപ്പൺ ഡാറ്റ ഉപയോഗിച്ച് തങ്ങളുടെ ആശയങ്ങൾ യാഥാർഥ്യമാക്കും. ഇത് പ്രോജക്ടുകളാകാം, സോഫറ്റ്വേർ അല്ലെങ്കിൽ ഹാർഡ്വേർ പ്രോജക്ടുകളാവാം; അതുമല്ലെങ്കിൽ കലാപരമായ പ്രകടനങ്ങളിലൂടെയുമാകാം.
സാങ്കേതിക വൈദഗ്ധ്യമുള്ളവർക്കും കലാപരമായ കഴിവുകളുള്ളവർക്കും ഒരേപോലെ ഈ വേദിയിൽ തിളങ്ങാൻ അവസരമുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്ക് ഒരു ലക്ഷം രൂപയിലധികം വരുന്ന സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന സ്ഥാപനത്തിന് ഫൈവ് സ്റ്റാർ പദവി നൽകും.കൂടാതെ, സജീവമായി പങ്കെടുക്കുന്നവർക്ക് പ്രത്യേക അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. ഈ വിജയം ദേശീയ-അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടാനും ഭാവിയിൽ വലിയ അവസരങ്ങൾ തുറക്കാനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://nasaspaceapps.ajce.in സന്ദർശിക്കാം.