ഡോ. സോണി സി. ജോർജ് സ്റ്റാൻഫോർഡ് റാങ്കിംഗിൽ
Tuesday, September 23, 2025 2:03 AM IST
കാഞ്ഞിരപ്പള്ളി: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസേവിയറും ചേർന്ന് തയാറാക്കിയ 2025ലെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഡീന്‍ റിസർച്ചും സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറുമായ ഡോ. സോണി സി. ജോർജ് ഇടം പിടിച്ചു.
ഇതിനോടകം നേടിയിട്ടുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളുടെയും പ്രബന്ധങ്ങളുടെയും ശാസ്ത്ര ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും ഗുണനിലവാരവും സ്വാധീനവും വിലയിരുത്തുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം.
പോളിമർ കോമ്പസിറ്റുകൾ, സൂപ്പർ കപ്പാസിറ്റേഴ്സ്, പോളിമർ മെംബ്രെയിനുകള്‍ എന്നിവയിലെ ഗവേഷണം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക പ്രശംസയും നേടി. 25 വർഷമായി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഡോ. സോണി സി. ജോർജിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ ദേശീയ അധ്യാപക അവാർഡും (2022) എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച ഗവേഷകനുള്ള അവാർഡും (2018) ലഭിച്ചിട്ടുണ്ട്.