വലിയപിതാവിനു തൃശൂരിന്റെ വികാരനിർഭര യാത്രാമൊഴി
Tuesday, September 23, 2025 2:03 AM IST
സെബി മാളിയേക്കൽ
തൃശൂർ: അതിരൂപതയുടെ ദ്വിതീയ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴിക്ക് തൃശൂരിന്റെ വികാരനിർഭര യാത്രാമൊഴി. അശ്രുപൂജയർപ്പിക്കാൻ പ്രാർഥനാമലരുകളുമായി ലൂർദ് കത്തീഡ്രലിലേക്ക് ഇന്നലെ രാവിലെയും അജഗണങ്ങളുടെ അണമുറിയാപ്രവാഹമായിരുന്നു.
ബാഷ്പാഞ്ജലികളുമായി ബിഷപ്പുമാരും രാഷ്ട്രീയനേതാക്കളും പൗരപ്രമുഖരും വൈദികരും സന്യസ്തരുമുൾപ്പെടെ വത്സലപിതാവിന്റെ സ്നേഹസാമീപ്യം അനുഭവിച്ചറിഞ്ഞവരെല്ലാം എത്തിച്ചേർന്നു.
സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പ്രാർഥനാശുശ്രൂഷകളോടെയായിരുന്നു ഇന്നലെ സംസ്കാരശുശ്രൂഷകളുടെ രണ്ടാംഭാഗത്തിനു തുടക്കം. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ സഹകാർമികനായി.
മൂന്നാംഘട്ടത്തിനു തുടക്കംകുറിച്ച്, മാർ തൂങ്കുഴി സ്ഥാപിച്ച ക്രിസ്തുദാസി സന്യാസിനീസമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ ടീന കുന്നേൽ പിതാവിനെക്കുറിച്ചു ലഘുവിവരണം നടത്തി. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ അനുസ്മരിച്ചു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി ആരംഭിച്ചു. ലത്തീൻ സഭയെ പ്രതിനിധീകരിച്ച് ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരും സീറോമലബാർ സഭയിലെ ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരുമായ 27 പേരും സഹകാർമികരായി. മാർ തൂങ്കുഴിയുടെ ബന്ധു സ്കറിയ തൂങ്കുഴി, സിസ്റ്റർ ടിജി എസ്കെഡി എന്നിവർ ലേഖനങ്ങൾ വായിച്ചു. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അനുസ്മരണപ്രഭാഷണം നടത്തി.
സുവിശേഷഗ്രന്ഥം ബിഷപ് മാർ ടോണി നീലങ്കാവിൽ മാർ തൂങ്കുഴിയെ ചുംബിപ്പിക്കുന്ന രംഗം ഏറെ വികാരഭരിതമായിരുന്നു. മാർ റാഫേൽ തട്ടിൽ പുഷ്പമുടി അണിയിച്ചു. തുടർന്ന് പതിറ്റാണ്ടുകൾ ബലിയർപ്പിച്ച ബലിവേദിയോടും ദേവാലയത്തോടും വിടചൊല്ലുന്നതിന്റെ പ്രതീകമായി ഭൗതികദേഹം ബലിപീഠത്തിലും വാതിലുകളിലും മുട്ടിച്ചു.
ആർച്ച്ബിഷപ്പുമാരായ മാർആൻഡ്രൂസ് താഴത്ത്, ഡോ. തോമസ് നെറ്റോ, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, കുര്യാക്കോസ് മാർ ക്ലീമിസ് എന്നിവർ അനുഗമിച്ചു. മാർ തൂങ്കുഴി മെത്രാനായി ശുശ്രൂഷചെയ്ത മൂന്നു രൂപതകളിലെയും തെരഞ്ഞെടുക്കപ്പെട്ട വൈദികരാണ് മൃതദേഹം വഹിച്ചത്.
ദിവ്യബലിയുടെ സമാപനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പൗരസ്ത്യതിരുസംഘം പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തി, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ലിയോപോൾഡ് ജിറെല്ലി എന്നിവരുടെ അനുശോചനസന്ദേശങ്ങൾ വായിച്ചു.
ഭൗതികദേഹം ലൂർദ് കത്തീഡ്രലിനുമുന്നിലേക്കു കൊണ്ടുവന്ന്, സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഓഫ് ഓണർ തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നൽകിയശേഷമാണ് കോഴിക്കോട്ടേക്കു കൊണ്ടുപോയത്.