വാഹനം ഇടിച്ച് വൃദ്ധൻ മരിച്ച സംഭവം: പാറശാല സിഐക്ക് മുൻകൂർ ജാമ്യമില്ല
Tuesday, September 23, 2025 2:03 AM IST
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധൻ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതി പാറശാല എസ്എച്ച്ഒ അനിൽകുമാറിനു മുൻകൂർ ജാമ്യം ഇല്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയതു കൊണ്ടാണു മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതെന്നു കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനുള്ള സാധാരണ വാഹന അപകട മരണത്തിന് മുൻകൂർ ജാമ്യം ഫയൽ ചെയ്യേണ്ട സാഹചര്യമില്ലെന്ന കാരണം കോടതി ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബർ ഏഴിന് പുലർച്ചെ നാലരയ്ക്കായിരുന്നു കേസിനാസ്പദമായ അപകടം.
കാറിൽ യാത്ര ചെയ്തു കിളിമാനൂരിൽ എത്തിയപ്പോൾ രണ്ടു പ്രീമിയം വാഹനങ്ങൾ എതിർവശത്തു കൂടി ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ വന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞില്ലെന്നും വാഹനം ഇടിച്ച് വൃദ്ധൻ മരിച്ചത് രണ്ടു ദിവസം കഴിഞ്ഞ് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും പ്രതിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.
സിഐ മനപൂർവം ഇടിച്ചതാണെന്നും അമിത വേഗമാണ് അപകടകാരണമെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിൽപ്പെട്ടയാളെ ആശുപതിയിൽ എത്തിക്കാനോ വാഹനം നിർത്താനോ ശ്രമിച്ചിട്ടില്ല. കിളിമാനൂർ പോലീസ് സ്റ്റേഷൻ തൊട്ടടുത്ത് ഉണ്ടായിട്ടും അവിടെ വിവരം അറിയിച്ചില്ലെന്നും അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.